തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധം തുടരവേ കുടിശിക തുക പൂർണമായും കെ.എസ്.ആർ.ടി.സി കൊടുത്തു തീർത്തു. നവംബറിലെ ശമ്പള കുടിശ്ശികയിൽ ബാക്കിയുണ്ടായിരുന്ന 21.5 കോടി രൂപയും ഇന്നലെ വൈകിട്ടോടെ വിതരണം ചെയ്തു.
കഴിഞ്ഞ പത്തിനു ശേഷമുള്ള ദിവസ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ചാണ് കുടിശിക നൽകിയത്. ശബരിമല സ്പെഷ്യൽ ബസുകളിൽ നിന്ന് 65 ലക്ഷം രൂപ വീതം ദിവസവും ലഭിക്കുന്നുണ്ട്. അതിനാൽ ദിവസം രണ്ടുകോടി രൂപ വച്ച് മിച്ചംപിടിക്കാനാകുന്നുണ്ട്.
സർക്കാർ സഹായമായ 20 കോടി രൂപയും പ്രതിദിന വരുമാനവും ചേർത്ത് 70 ശതമാനം ശമ്പളം കഴിഞ്ഞ പത്തിന് നൽകിയിരുന്നു. ഇതിന് തൊട്ടു മുമ്പാണ് കോർപ്പറേഷനിലെ വിവിധ സംഘടനകൾ സമരം തുടങ്ങിയത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലുണ്ട്. ഭരണപക്ഷത്തെ പ്രമുഖ നേതാക്കൾ സമരപ്പന്തലിൽ എത്തുകയും സ്ഥാപനത്തിന്റെ ദുരവസ്ഥയിൽ മന്ത്രിയെ അടക്കം വിമർശിച്ചിട്ടും സർക്കാർ ഇതുവരെ സമരക്കാരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |