രാജ്യത്ത് പെൺകുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിൽ ഒന്നാമതായി കേരളം. കേന്ദ്ര സർക്കാരിന്റെ സ്ഥിതിവിവര, പദ്ധതി നിർവഹണ മന്ത്രാലയം നടത്തിയ സർവേയിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലെ 99.5 ശതമാനം പെൺകുട്ടികളും പ്ലസ്ടു പഠനം പൂർത്തിയാക്കുന്നവരാണെന്നും സംസ്ഥാനത്ത് പ്രീ പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 60 ശതമാനവും പെൺകുട്ടികളാണെന്നും സർവേ പറയുന്നു. ദേശീയ ശരാശരിയുടെ താരതമ്യം ചെയ്യുമ്പോൾ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. 77.5 ശതമാനമാണ് ഹയർ സെക്കൻഡറി പഠനം പൂർത്തിയാകുന്ന പെൺകുട്ടികളുടെ ദേശീയ ശരാശരി.
അതേസമയം, പ്രീ പ്രൈമറി ക്ലാസുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ ദേശീയ ശരാശരി 32.1 ശതമാനം മാത്രമാണ്. 'ഗൃഹജന സാമൂഹിക ഉപഭോഗം, വിദ്യാഭ്യാസം' എന്ന് പേരിട്ടിരിക്കുന്ന സർവേയിൽ പെൺകുട്ടിക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഏറ്റവും പിന്നിൽ ഉത്തർ പ്രദേശാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ പെൺകുട്ടികൾക്ക് നൽകുന്ന പഠന സൗകര്യങ്ങളിൽ ഹിമാചൽ പ്രദേശാണ് കേരളത്തിന്റെ തൊട്ടുപിന്നിലായി ഉള്ളത്. സംസ്ഥാനത്തെ 94.4 ശതമാനം പെൺകുട്ടികളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കുന്നവരാണ്.
പട്ടികയിൽ ഉത്തരാഖണ്ഡ്(92.7 %), തെലങ്കാന(92.1 %) തമിഴ്‌നാട്(91.6) എന്നീ സംസ്ഥാനങ്ങൾ കേരളത്തെയും ഹിമാചൽ പ്രദേശിനെയും പിന്തുടരുന്നു. രാജ്യത്ത് പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന പെൺകുട്ടികളുടെ ശതമാനകണക്കിൽ രണ്ടാമതെത്തിയിരിക്കുന്നത് പഞ്ചാബാണ്(57%). പഞ്ചാബിന് പിന്നിലായി തെലങ്കാന(54%), തമിഴ്നാട്(54%), ഹിമാചൽ പ്രദേശ്(53%), ഡൽഹി(50%) എന്നീ സംസ്ഥാനങ്ങളും പട്ടികയിൽ ഇടം നേടി. 75ആം ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായാണ് ഈ സർവേ കേന്ദ്രം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |