തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം, മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ശമ്പളം മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കിഫ്ബിയുടെ സഹായത്തോടെ 1000 ബസുകൾ വാങ്ങും. ഇതിനായി കിഫ്ബിയുടെ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെടും.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സംഘടനകളുമായും മാനേജ്‌മെന്റുമായും സർക്കാർ കരാർ ഉണ്ടാക്കും. കരാറിന്റെ കരട് തയ്യാറാക്കാൻ ധനകാര്യ സെക്രട്ടറി, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി എം.ഡി എന്നിവരെ ചുമതലപ്പെടുത്തി.
ടിക്കറ്റിംഗ് മെഷീനുകൾ വാങ്ങാൻ സർക്കാർ സഹായം നൽകും. ആശ്രിത നിയമനം സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ എം.ഡിയെ ചുമതലപ്പെടുത്തി. സ്ഥലംമാറ്റം, ആനുകൂല്യ വിതരണം എന്നിവയിലെ പരാതികൾ എം.ഡി ചർച്ച ചെയ്ത് പരിഹരിക്കും.
മറ്റ് ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.
ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി മേധാവി എം.പി. ദിനേശ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സംഘടനാ നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, തമ്പാനൂർ രവി, വി. ശിവൻകുട്ടി, സി.കെ.ഹരികൃഷ്ണൻ, എം.ജി രാഹുൽ, ആർ.ശശിധരൻ നായർ, സണ്ണി തോമസ് തുടങ്ങിയവരും പങ്കെടുത്തു.
സെക്രട്ടറിയേറ്റിന് മുന്നിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ, എ.ഐ.ടി.യു.സി എന്നിവ നടത്തിയിരുന്ന സമരവും അവസാനിപ്പിച്ചു. കോൺഗ്രസ് അനുകൂല സംഘനടകളുടെ കൂട്ടായ്‌മയായ ട്രാൻസ്‌പോർട്ട ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് 20 ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |