തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ . ഭരണഘടനയെ വെല്ലുവിളിച്ചാൽ ഇനിയും ഇത്തരത്തിലുള്ള ഇടപെടലുകളുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആർട്ടിക്കിൾ 14,15 എന്നിവ ലംഘിച്ചാണ് കേന്ദ്രസർക്കാർ നിയമം പാസാക്കിയത്. പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കാൻ നിയമസഭയെ വേദിയാക്കിയത് ശരിയായില്ലെന്ന ഗവർണറുടെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയ ഒരു വിഷയം ചർച്ച ചെയ്യാനുള്ള വേദിയാണ് നിയമസഭ. ഇത്തരം കാര്യങ്ങൾക്കുള്ള വേദിയായി നിയമസഭ മാറണമെന്നാണ് തന്റെ അഭിപ്രായം.
മതത്തിന്റെ പേരിൽ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. പൗരത്വ ഭേദഗതി ഇതിന്റെ ലംഘനമാണ്. കേന്ദ്രനിയമത്തിനെതിരെ നിയമസഭയ്ക്ക് പ്രമേയം പാസാക്കാൻ കഴിയില്ലെന്ന് ഭരണഘടനയിൽ പറയുന്നില്ല. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പാർലമെന്റിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത് നിലനിൽക്കില്ല. ഒരു സഭയ്‌ക്കെതിരെ മറ്റൊരു സഭയിൽ അവകാശ ലംഘനം നിലനിൽക്കില്ല. അങ്ങനെ അവകാശ ലംഘനം എടുക്കണമെങ്കിൽ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല സ്പീക്കർക്കും മറ്റ് അംഗങ്ങൾക്കും എതിരെയും എടുക്കട്ടെ. അത് നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |