തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കയറിയ കെ.എസ്.ആർ.ടി.സിയുടെ തന്നെ നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിനോട് വനിതാ കണ്ടക്ടറുടെ ആവശ്യം
''പാസ് താ..''
ഉടനെ വന്നു വനിതാ സൂപ്രണ്ടിന്റെ മറുപടി ''പാസ് നിന്നെ കാണിക്കുന്നില്ല''
കണ്ടക്ടർ വിട്ടു കൊടുത്തില്ല''പാസ് കാണാതെ പോകാൻ ഒക്കത്തില്ല''. സൂപ്രണ്ട് ഒരു പടി കൂടി കടന്നു
''പാസ് കാണാതെ പോകാൻ ഒക്കത്തില്ലെങ്കിൽ ടിക്കറ്റടിച്ചിട്ട് നീ പൈസ കൊടുക്ക്.''
''പാസ് കാണിക്കണം.''
''കാണിക്കൂലാ, നിന്നെ കാണിക്കൂല്ല പാസ്...''
''പാസ് കാണിച്ചേ പറ്റൂ''
''നിനക്ക് പാസ് കാണേണ്ട കാര്യമില്ല, നിനക്ക് നമ്പർ പറഞ്ഞു തന്നിട്ടുണ്ട്.''
''നമ്പര് പോരാ, എനിക്ക് പാസ് കണ്ടെങ്കിലേ ഒക്കത്തുള്ളൂ''.
''നിനക്ക് പാസ് കാണിക്കത്തില്ല നീ പരാതി കെടുത്തിട്ട് വാ. പാസ് എന്റെ കൈയ്യിലുണ്ടോ ഇല്ലെന്നത് ഞാൻ സ്ക്വാഡ് വരുമ്പോൾ കാണിക്കാം.''
''പാസുണ്ടോ എന്ന് എനിക്കറിയണ്ടേ?''
''നിനക്ക് കാണിക്കൂല്ല, നീ എന്നും കാണുന്നതു തന്നെ. നിന്റെ ഈ അഭ്യാസം എന്റെടുത്ത് ഇറക്കേണ്ട, നീ അവിടെ ഇറങ്ങി പരാതി പറഞ്ഞിട്ടേ പോ. അവർക്കെന്നെ 20 വർഷമായി അറിയാം.''
ഇന്ന് രാവിലെ ആറിനു അടൂരു നിന്നും തലക്കുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറിൽ ഒൻപതോടെയാണ് സൂപ്രണ്ട് മഹേശ്വരിയും കണ്ടക്ടർ അഞ്ജലിയും നമ്മിൽ പാസിന്റെ പേരിൽ വാക്പോര് നടത്തിയത്. പാപ്പനംകോടു നിന്നാണ് മഹേശ്വരി ബസിൽ കയറിയത്.മൊബൈൽ കാമറ ഓൺ ചെയ്ത ശേഷമായിരുന്നു കണ്ടക്ടർ സൂപ്രണ്ടിനോടു പോരിനു പോയത്. അതുകൊണ്ടു തന്നെ എല്ലാം റെക്കാർഡ് ആയി. വാട്സ്ഗ്രൂപ്പികളിലേക്ക് വേഗത്തിൽ പ്രചരിച്ചതോടെ വൈറലാവുകയും ചെയ്തു.
വീഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടക്ടറിന്റെയും സൂപ്രണ്ടിന്റെയും മൊഴി എടുക്കും. സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
നിയമം പറയുന്നത്:
യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 4ന് ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകൾ പരിശോധനയിൽ പിടിച്ചെടുത്തെതിനെ തുടർന്നാണിത്. ഏതൊക്കെ ബസുകളിൽ എത്രദൂരം ആർക്കൊക്കെ സഞ്ചരിക്കാമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാപാസുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന് ബസുകളിൽ എഴുതിയും വച്ചിട്ടുണ്ട്
മഹേശ്വരിയുടെ വാദം
അഞ്ജലി യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ ഫോണിൽ സംസാരിച്ചു നിൽക്കും. ഇത്ചോദ്യം ചെയ്തിട്ടുണ്ട്. പരാതിപ്പെട്ടിട്ടുമുണ്ട്. അതന്റെ വൈരാഗ്യം തീർത്തതാണ്.
അഞ്ജലിയുടെ മറുവാദം
സൂപ്രണ്ടിനെതിരായി പരാതി അടൂർ ഡിപ്പോയിൽ വിളിച്ചറിയിച്ചപ്പോൾ അവർ എടുത്ത ഫോട്ടോ വച്ചാണ് ഈ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |