ശബരിമല: മകരവിളക്ക് ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹം വർദ്ധിച്ചു. ഇന്നലെ ദേശീയപണിമുടക്കായിരുന്നെങ്കിലും തീർത്ഥാടകരുടെ വരവിനെ ഇത് ബാധിച്ചില്ല. പുലർച്ചെ മുതൽ തന്നെ തീർത്ഥാടകരുടെ നീണ്ട നിര തിരുമുറ്റവും നടപ്പന്തലും ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തേക്ക് നീണ്ടു.
ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു. മണിക്കൂറുകൾ ക്യൂവിൽ നിന്ന ശേഷമാണ് തീർത്ഥാടകർക്ക് അയ്യപ്പദർശനം സാദ്ധ്യമായത്. മണ്ഡലകാലത്ത് അവസാന ദിവസങ്ങളിൽ സംഭവിച്ച പാളിച്ചകൾ ആവർത്തിച്ചാൽ മകരവിളക്ക് ദിനത്തിലടക്കം കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് ഇടയാക്കുമെന്ന ആശങ്ക ഇതിനകം ശക്തമായിട്ടുണ്ട്. സന്നിധാനത്തേക്ക് പ്രതിദിനമെത്തുന്ന ഒരു ലക്ഷത്തിലധികം തീർത്ഥാടകരിൽ എൺപതിനായിരത്തിൽ താഴെ മാത്രമാണ് ദർശനം പൂർത്തിയാക്കി മലയിറങ്ങുന്നതെന്നാണ് പൊലീസിന്റെ കണക്ക്.
ഭക്തജനത്തിരക്കിന്റെ പേരിൽ പമ്പ മുതലുള്ള ശരണപാതകളിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഓരോ ദിവസവും ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കൽ അടക്കമുള്ള ഇടത്താവളങ്ങളിൽ ദർശനം കാത്ത് ദിവസങ്ങളായി വിരിവച്ച് കിടക്കുന്നുണ്ട്. കൂടാതെ വരും ദിവസങ്ങളിൽ സന്നിധാനത്തെത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരിൽ ഏറിയ പങ്കും മകരവിളക്ക് ദർശനത്തിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി തമ്പടിക്കും. ഇതും വരും ദിവസങ്ങളിൽ സന്നിധാനത്തടക്കം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമാകും.
നിലവിൽ മരക്കൂട്ടം മുതൽ നടപ്പന്തൽ വരെയുള്ള ദൂരം താണ്ടാൻ അഞ്ച് മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ട സാഹചര്യമാണുള്ളത്. നടപ്പന്തലിൽ എത്തുന്ന തീർത്ഥാടകർക്ക് ദർശനം സാദ്ധ്യമാകണമെങ്കിൽ പിന്നെയും മണിക്കൂറുകൾ കാത്തു നിൽക്കണം. ക്യൂവിൽ അകപ്പെട്ട് വാവിട്ട് കരയുന്ന കൊച്ചയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും പതിവ് കാഴ്ചയായി മാറി. സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സുഖദർശനം നൽകി പമ്പയിലേക്ക് മടക്കി അയയ്ക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയാണ് തിരക്ക് വർദ്ധിക്കുന്നതിന്ന് പ്രധാന കാരണം.
പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ പരിചയക്കുറവ് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. 55 മുതൽ 65 വരെ തീർത്ഥാടകരാണ് നിലവിൽ ഓരോ മിനിട്ടിലും പടി ചവിട്ടുന്നത്. പരിചയ സമ്പന്നരായ പൊലീസുകാർ പടി ഡ്യൂട്ടി ചെയ്തിരുന്ന സമയത്ത് തിരക്കേറുന്ന വേളകളിൽ 90 മുതൽ 105 വരെ തീർത്ഥാടകരെ ഓരോ മിനിട്ടിലും പടി ചവിട്ടിച്ചിരുന്നു. ഇതുകൊണ്ടു തന്നെ ശരണ പാതയിലെയും വലിയ നടപ്പന്തലിലെയും തിക്കും തിരക്കും ഒരു പരിധി വരെ ഒഴിവാക്കാൻ പൊലീസിന് കഴിയുകയും ചെയ്തിരുന്നു.
എന്നാൽ, നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. പല സമയത്തും സോപാനത്തടക്കം തീർത്ഥാടകരുടെ തിരക്ക് പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഏറുന്ന അവസ്ഥയാണുള്ളത്. വരുന്ന മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ സന്നിധാനവും ജ്യോതി ദർശനം സാദ്ധ്യമാകുന്ന പാണ്ടിത്താവളം അടക്കമുള്ള പൂങ്കാവനത്തിലും തീർത്ഥാടകരെക്കൊണ്ട് നിറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |