ഒറ്റപ്പാലം: ആനപ്രേമം മൂത്ത് ദുബായിലെ ജോലി ഉപേക്ഷിച്ചെത്തിയ ചട്ടക്കാരിക്ക് (ആനയെ ചട്ടം പഠിപ്പിക്കുന്നയാൾ) മുന്നിൽ മനിശ്ശേരി രാജേന്ദ്രനെന്ന കൊമ്പൻ വെറും പൂച്ചക്കുട്ടി. മലപ്പുറം കടലുണ്ടി സ്വദേശി ശബ്‌ന സുലൈമാൻ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി രാജേന്ദ്രനൊപ്പമുണ്ട്. കരിമ്പും തണ്ണിമത്തനും ശർക്കരയുമെല്ലാം നൽകി ശബ്‌ന രാജേന്ദ്രന്റെ സ്‌നേഹം വാങ്ങിയത് ആദ്യ മൂന്നുദിവസം കൊണ്ടാണ്. 15 ദിവസം പിന്നിട്ടപ്പോഴേക്കും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമായി.
ഒന്നാം പാപ്പാൻ കുട്ടനും രണ്ടാം പാപ്പാൻ ചന്ദ്രനും പകർന്ന ആനച്ചട്ടങ്ങൾ പഠിച്ചെടുത്ത് ഒറ്റപ്പാലം കപ്പൂർ എന്ന പ്രശസ്തമായ ആനത്തറവാട്ടിലെ മനിശേരി രാജേന്ദ്രനെ പരിചരിക്കുകയാണ് ശബ്ന. കടലുണ്ടിയിലെ കുരിക്കൾ വീട്ടിൽ സുലൈമാന്റെ മകൾ ശബ്‌നയുടേത് സർക്കസ് പാരമ്പര്യമുള്ള കുടുംബമാണ്.
ചട്ടക്കാരിയാകണമെന്ന ആഗ്രഹവുമായി മുമ്പ് പല ആന ഉടമകളെയും സമീപിച്ചെങ്കിലും അടുപ്പിച്ചില്ല. ഒടുവിൽ കപ്പൂർ ഹരിദാസ് എന്ന മനിശേരി ഹരിയേട്ടൻ അവസരം നൽകി. രാജേന്ദ്രനെ കടലുണ്ടിയിലെ വീട്ടിൽ കൊണ്ടുപോയി പരിപാലിക്കാനുള്ള അനുവാദവും നൽകി. ഉത്സവ സീസൺ കഴിഞ്ഞാൽ രാജേന്ദ്രനെ ശബ്‌ന കടലുണ്ടിയിലെ തന്റെ തറവാട്ട് വളപ്പിലെത്തിക്കും.
വടിയോ അടിയോ കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് കൊമ്പനെ കീഴടക്കിയതെന്ന് ശബ്‌ന പറയുന്നു.ഷൊർണൂർ ഗണേശ് ഗിരിയിൽ കഴിഞ്ഞദിവസം ഉത്സവ എഴുന്നെള്ളിപ്പിനിടെ ശബ്നയെ കണ്ട രാജേന്ദ്രന്റെ സ്‌നേഹപ്രകടനം കാണികൾക്ക് കൗതുകമായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആനകളെ കുറിച്ചുള്ള ഗവേഷണവും ശബ്ന നടത്തി. നാട്ടാനകളെ കുറിച്ച് വേറിട്ട പുസ്തകം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ 'വേഷം". ദുബായിൽ ഡന്റൽ മെഡിസിനുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിച്ചാണ് ശബ്‌ന ആനക്കാരിയായത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ ചട്ടക്കാരിയും ശബ്‌ന തന്നെ.
കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഉത്സവപ്പറമ്പിലോ ആനപ്പുറത്തോ ഇനി എന്നെ കണ്ടാലും ആരും അതിശയപ്പെടേണ്ട.ഒരിക്കൽ ഭക്ഷണം കൊടുത്താൽ എത്ര വർഷം കഴിഞ്ഞാലും ആനകൾ അത് സ്‌നേഹത്തോടെ ഓർത്ത് വയ്ക്കും. ആ സ്‌നേഹം അനുഭവിച്ചാലേ ആനയെ മനസിലാക്കാനാകൂ.
-ഷബ്‌ന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |