മലയിൻകീഴ്: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബന്ധു ഉൾപ്പെടെ രണ്ടുപേരെ വെട്ടിവീഴ്‌ത്തിയ ശേഷം കുപ്രസിദ്ധ കുറ്റവാളി ' പറക്കുംതളിക ബൈജു ' (ജയിൻവിക്ടർ) രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30ഓടെ ഉറിയാക്കോട് നെടിയവിളയിലാണ് സംഭവം. നെടിയവിള എസ്.ജി. ഭവനിൽ ലിജുസൂരി (29), ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ലിജുസൂരിയുടെ തലയ്‌ക്കും വലതുകാലിനും ബിനുവിന്റെ കൈയിലുമാണ് വെട്ടേറ്റത്. ലിജുവിനെ അക്രമിക്കുന്നതുകണ്ട് രക്ഷിക്കാനെത്തിയതാണ് സമീപവാസിയായ ബിനു.
നെടിയവിളയിൽ നിന്ന് അരശുംമൂട് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ലിജുസൂരിയെ ഇയോൺ കാറിലെത്തിയ ബൈജു കൈകാണിച്ച് നിറുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ബൈജുവിന്റെ സഹോദരി പുത്രനാണ് ലിജുസൂരി. ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുടുംബ വഴക്കിനെ തുടർന്ന് 2018ൽ ലിജുവും കൂട്ടുകാരും ചേർന്ന് പൊന്നെടുത്തകുഴി മേലെപുത്തൻവീട്ടിൽ ജയിൻവിക്ടർ എന്ന പറക്കുംതളിക ബൈജുവിനെ ഇതേ സ്ഥലത്തുവച്ച് ക്രൂരമായി മർദ്ദിച്ചിരുന്നു.
അതിന്റെ പ്രതികാരമാണ് ഇന്നലത്തെ ആക്രമണമെന്ന് പൊലീസ് പറയുന്നു. കൊടും കുറ്റവാളി എറണാകുളം ബിജുവിനെ കോടതിയിൽ കൊണ്ടുപോകുമ്പോൾ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷിച്ചതുൾപ്പെടെ പാറശാല, നെയ്യാറ്റിൻകര, വിളപ്പിൽശാല, എറണാകുളം സ്റ്റേഷനുകളിൽ 10ലേറെ കേസുകളിൽ പ്രതിയാണ് പറക്കുംതളിക ബൈജു. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പറക്കുംതളിക ബൈജു വലിച്ചെറിഞ്ഞതിൽ ഒരു ബോംബ് പൊട്ടാതെ സമീപത്തെ ഓടയിൽ വീണു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. ലിജുവിന്റെയും ബിനുവിന്റെയും മൊഴിയെടുത്ത വിളപ്പിൽശാല പൊലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |