പാലക്കാട് : വീട്ടിൽ അതിക്രമിച്ച് കടന്ന് സ്വർണവും പണവും കവർന്നെന്നെ വീട്ടമ്മയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് അവസാനം കണ്ടെത്തിയത് യഥാർത്ഥ കള്ളനെ. വീട്ടിൽ അതിക്രമിച്ചുകടന്ന മുഖംമൂടി സംഘം മുളകുപൊടി എറിഞ്ഞും മറ്റും അലമാരയിൽ സൂക്ഷിച്ച 8 പവൻ സ്വർണവും 10,000 രൂപയും കവർന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി.നഗരത്തിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പുറത്തു നിന്നു പൂട്ടിയ വീട്ടിൽ നിന്നു നിലവിളി കേട്ടെത്തിയ സമീപവാസികളാണു അകത്ത് പേടിച്ച അവസ്ഥയിൽ സ്ത്രീയെ വീട്ടിനുള്ളിൽ കണ്ടത്. വീട്ടിനകത്തു മുളകുപൊടി വിതറി സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീട്ടിൽ സ്ത്രീ തനിച്ചായിരുന്നു. കവർച്ച നടന്നെന്നു സ്ത്രീ പറഞ്ഞതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി. നാട്ടുകാരും തടിച്ചുകൂടി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു.
പൊലീസ് നായ റോക്കി വീടിനു ചുറ്റും ഓടിയശേഷം സ്ത്രീയുടെ മുന്നിൽ നിന്ന് ഏറെ നേരം കുരച്ചു. സംശയം തോന്നിയ പൊലീസ് സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സത്യം അറിയുന്നത്. സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചതു വീട്ടുകാർ അറിയാതിരിക്കാനുള്ള പരിപാടിയായിരുന്നു മോഷണകഥയെന്നാണ്. ഇതിനു സുഹൃത്തിന്റെ സഹായവും ലഭിച്ചു. സ്ത്രീയെയും സുഹൃത്തിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ച പൊലീസ്, പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |