ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെയും കോൺഗ്രസും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പരിഹാരമായി.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വിശ്വസ്തനായ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഹൈക്കമാൻഡിന്റെ ദൂതനായി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനെ കണ്ടു ചർച്ച നടത്തി.
തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് പ്രവർത്തകർ
ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അഴഗിരിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ പാർട്ടി നേതാക്കൾ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി സ്റ്റാലിനെ കണ്ടു. ഇരു പാർട്ടികൾക്കുമിടയിൽ തർക്കമില്ലെന്നും സഖ്യം തുടരുമെന്നും 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം അഴഗിരി അറിയിച്ചു. . സഖ്യത്തിൽ വിള്ളലുണ്ടാവുമെന്നാണ് രാഷ്ട്രീയശത്രുക്കളുടെ പ്രതീക്ഷയെന്ന് പറഞ്ഞ സ്റ്റാലിൻ, ഇരുകക്ഷികളും പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.ഇന്നലെ രാവിലെ സോണിയ ഗാന്ധി
സ്റ്റാലിനുമായി ഫോണിൽ സംസാരിച്ചിരുന്നു..
തദ്ദേശ തിരഞ്ഞെടുപ്പിൽ പദവികൾ വീതംവയ്ക്കുന്നതിൽ ഡി.എം.കെ മുന്നണി മര്യാദ പാലിച്ചില്ലെന്നു കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അഴഗിരി പരസ്യമായി പ്രസ്താവിച്ചതോടെയാണ് തർക്കം തുടങ്ങിയത്.
പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ സോണിയാഗാന്ധി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ച് ഡി.എം.കെ അമർഷം അറിയിച്ചു. പിന്നാലെ ഇരു പാർട്ടികളുടെയും നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ സഖ്യം തകരുമെന്ന പ്രതീതി പരന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |