ചാരുംമൂട്: ശബരിമല ദേവസ്വം കൗണ്ടറിൽ നിന്ന് വാങ്ങിയ അരവണ പായസത്തിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി. നൂറനാട് പാലമേൽ മറ്റപ്പള്ളി കുളത്തിൻത്തറയിൽ ഗോപിനാഥൻപിള്ളയുടെ ചെറുമകൻ കിരൺ വാങ്ങിയ രണ്ടു ടിൻ അരവണയിൽ ആദ്യ ടിന്നിലുള്ളിലാണ് ചത്ത പല്ലിയെ കണ്ടത്. കിരണും കൂട്ടുകാരും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ശബരിമല ദർശനം നടത്തി മടങ്ങവെയാണ് അരവണ വാങ്ങിയത്.
ഇന്നലെ വൈകിട്ട് ഇതിൽ ഒരു ടിൻ വീട്ടിലുള്ളവർക്ക് പ്രസാദമായി കൊടുക്കാൻ സ്പൂൺ ഉപയോഗിച്ച് കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ നടുഭാഗത്തായി പല്ലിയുടെ ജഡം കണ്ടത്. അരവണ ടിൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ശബരിമലയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണയ്ക്കാണ്. അരവണ വിൽപ്പനയിൽ റെക്കാഡ് വരുമാനമാണ് ദേവസ്വം ബോർഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാൽ അരവണ നിർമ്മാണത്തിൽ വീഴ്ച സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നത്.
പത്ത് വർഷം മുമ്പുവരെ അരവണ നിർമ്മാണം ലേലത്തിൽ പിടിക്കുന്ന വ്യക്തികൾക്ക് നിർമ്മാണം, വിതരണം എന്നിവയുടെ അവകാശം കൈമാറുന്ന രീതിയാണ് തുടർന്നുവന്നിരുന്നത്. അന്ന് അരവണ ടിന്നിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്നാണ് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിർമ്മാണവും വിതരണവും ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |