ന്യൂഡൽഹി: ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി പണം നേരിട്ട് നൽകുന്ന ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡി.ബി.ടി) പദ്ധതിയിലൂടെ കേന്ദ്രസർക്കാർ കൊയ്യുന്നത് വലിയ നേട്ടം. നടപ്പുവർഷം (2019-20) ഏപ്രിൽ-ഡിസംബർ കാലയളവിൽ 28,700 കോടി രൂപയാണ് സർക്കാർ ഇതുവഴി ലാഭിച്ചത്. ഇതിൽ 70 ശതമാനം ലാഭവും സർക്കാരിന് സമ്മാനിച്ചത് പൊതുവിതരണ സംവിധാനമാണ്. തുക 19,263 കോടി രൂപ.
ഡി.ബി.ടി ഇനത്തിൽ നടപ്പുവർഷം ആകെ 2.08 ലക്ഷം കോടി രൂപയാണ് ഏപ്രിൽ-ഡിസംബറിൽ സർക്കാരിന് ചെലവായത്. 2018-19ൽ ഇത് റെക്കാഡ് തുകയായ 3.3 ലക്ഷം കോടി രൂപയായിരുന്നു. എൽ.പി.ജി ഉപഭോക്താക്കൾക്ക് സബ്‌സിഡി ഡി.ബി.ടിയായി നൽകുന്ന 'പവൽ" പദ്ധതിയിൽ സർക്കാരിന്റെ ബാദ്ധ്യത കുത്തനെ കുറഞ്ഞുവെന്ന പ്രത്യേകത ഈ വർഷമുണ്ട്.
കഴിഞ്ഞവർഷത്തെ മൊത്തം എൽ.പി.ജി സബ്‌സിഡി ബാദ്ധ്യത 40,000 കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ ആദ്യ ഒമ്പതുമാസത്തിൽ ബാദ്ധ്യത 10,000 കോടി രൂപയാണ്. ഈ വർഷം ഈയനത്തിൽ ഇതുവരെയുള്ള നേട്ടം 6,062 കോടി രൂപ. മികച്ച വരുമാനമുള്ളവർക്ക് സബ്‌സിഡി സ്വയം വേണ്ടെന്ന്‌വയ്‌ക്കാമെന്ന കേന്ദ്രസർക്കാരിന്റെ കാമ്പയിനാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
ബാദ്ധ്യത കുറച്ച് ഡി.ബി.ടി
ഉപഭോക്താവിന് സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകാനാണ് കേന്ദ്രസർക്കാർ ഡയറക്‌ട് ബെനഫിറ്ര് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കിയത്. ഇടനിലക്കാരുടെ തട്ടിപ്പ് തടയുകയായിരുന്നു പ്രധാന ലക്ഷ്യം.
₹1.7 ലക്ഷം കോടി
ഡി.ബി.ടിയിലൂടെ 2014 മുതൽ ഇതുവരെ സർക്കാരിനുണ്ടായ നേട്ടം 1.7 ലക്ഷം കോടി രൂപ. എൽ.പി.ജി 'പഹൽ" പദ്ധതിയിലെ നേട്ടം 65,661 കോടി രൂപ. പി.ഡി.എസിലെ നേട്ടം 66,986 കോടി രൂപ.
₹6,062 കോടി
എൽ.പി.ജി 'പഹൽ" പദ്ധതിയിലൂടെ നടപ്പുവർഷം ഏപ്രിൽ-ഡിസംബറിലുണ്ടായ നേട്ടം 6,062 കോടി രൂപ. തൊഴിലുറപ്പ് പദ്ധതിയിലൂടെ 3,371 കോടി രൂപയും കേന്ദ്രം ലാഭിച്ചു.
₹2.08 ലക്ഷം കോടി
ഡി.ബി.ടി ഇനത്തിൽ നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ സർക്കാരിനുണ്ടായ ചെലവ് 2.08 ലക്ഷം കോടി രൂപ. കഴിഞ്ഞവർഷത്തെ ബാദ്ധ്യത 3.3 ലക്ഷം കോടി രൂപ.
70%
നടപ്പുവർഷം ഡി.ബി.ടി ഇനത്തിൽ സർക്കാർ ലാഭിച്ചത് 28,700 കോടി രൂപ. ഇതിൽ 70 ശതമാനം ലാഭവും നേടിയത് പൊതു വിതരണ സംവിധാനത്തിലൂടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |