എഡിൻബർഗ്: മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങൾക്കും കൃത്യമായ ധർമ്മങ്ങളുണ്ട്. എന്നാൽ പലരിലും അവയവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ അവരുടെ വ്യക്തിജീവിതത്തെയും ബാധിക്കും. അത്തരത്തിൽ മൂക്കിന്റെ ആകൃതിയിലും വലുപ്പത്തിലുമുണ്ടായ മാറ്റങ്ങൾ കാരണം വിഷമിച്ച ഒരു സ്‌കോട്ട്‌ലൻഡുകാരന്റെ അവസ്ഥയാണ് മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
68കാരനായ ജെറാർഡ് മക്കെല്ലിസിനാണ് അപൂർവ അവസ്ഥയുണ്ടായത്. മൂക്കിന്റെ അസാധാരണ വലിപ്പം കാരണം തന്റെ ഭാര്യയെ ചുംബിക്കാൻപോലും കഴിഞ്ഞിരുന്നില്ലെന്നും പുറത്തിറങ്ങുമ്പോൾ ആളുകൾ അതിശയത്തോടെയാണ് നോക്കിയിരുന്നതെന്ന് ജെറാർഡ് പറയുന്നു. ഒടുവിൽ ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ആറ് വർഷത്തോളമാണ് ജെറാർഡ് ദുരിതം അനുഭവിച്ചത്.
മൂക്കിലെ ടിഷ്യുവിന്റെ തുടർച്ചയായ വീക്കവും കട്ടിയാകലുമാണ് ജെറാർഡിന്റെ മുഖത്തെ വികൃതമാക്കിയത്. കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തിയതിനുശേഷമാണ് യഥാർത്ഥ അവസ്ഥ മനസിലാക്കിയത്. റൈനോഫിമ എന്ന അവസ്ഥയായിരുന്നു. അതായത്, ചർമ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായ വളരുന്നതാണ് ഈ അവസ്ഥ. ഇതോടെ മൂക്കിന്റെ നിറം മാറുകയും മൃദുവായ ചർമ്മം കട്ടിയാകുകയും മുഴകൾ രൂപംകൊളളുകയും ചെയ്യുന്നു. ഈ അവസ്ഥ തനിയെ മാറുമെന്ന് വിചാരിച്ച് ചികിത്സ നടത്തിയില്ലെന്ന് ജെറാർഡ് പറയുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയതോടെ മൂക്കിന്റെ അകൃതിയും വലിപ്പവും വർദ്ധിക്കാൻ തുടങ്ങിയെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
'ശ്വസിക്കാൻ പ്രയാസമില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ഈ അവസ്ഥ വഷളായതോടെ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു. പേരക്കുട്ടികളുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതുവരെ വിഷമകരമായി. പേരക്കുട്ടികളോട് അവരുടെ സുഹൃത്തുക്കൾ ഇതാണോ മുത്തച്ഛനെന്ന് ചോദിച്ചേക്കാമെന്നുവരെ കരുതി ആശങ്കയുണ്ടായി. ഒടുവിൽ ഭാര്യ കരോളാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്. ഗ്ലാസ്‌ഗോയിലെ എവർ ക്ലീനികിലെ ചികിത്സയായിരുന്നു. പ്രമുഖ ഡോക്ടറായ കോർമാക് കോൺവെറിയുടെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതോടെ മൂക്കിന്റെ ആകൃതി മാറി. പഴയ ജീവിതം തിരികെ കിട്ടി. ഒരു പരിഭ്രമവുമില്ലാതെ പുറത്തേക്ക് പോകാൻ സാധിക്കുന്നുണ്ട്. തന്റെ പഴയ ഭർത്താവിനെ തിരികെ കിട്ടിയെന്നാണ് ഭാര്യ പറയുന്നത്'- ജെറാർഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |