ന്യൂഡൽഹി: ഇന്നലെവരെ ഒരു പേരുമാത്രമായിരുന്നു ചന്ദ്രനും ലതയ്ക്കും ഡൽഹി. ഇന്ന് ഒരു സ്വപ്നംപോലെ ആ മഹാതലസ്ഥാനം കണ്ടുനടക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ അതിഥികളായി കേരളത്തിൽ നിന്ന് ഇക്കുറി ഡൽഹിയിലെത്തിയ പട്ടികവർഗ ദമ്പതികളാണ്ചന്ദ്രനും ലതയും. ഇടുക്കി അടിമാലിക്കടുത്ത് തലമാലിയിലെ പട്ടികവർഗ കോളനിയിൽ നിന്നാണ് വരവ്. മന്നാൻ ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇപ്പോഴും സ്വന്തമായി രാജാവുള്ള ഗോത്രം.
എന്നാൽ ചന്ദ്രനും ലതയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദ്യമായി കണ്ടു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെത്തിയ വിവിധ കലാകാരന്മാർക്കും ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവർക്കുമൊപ്പം വിരുന്നിലും നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ സെഷനിലും പങ്കെടുത്തു.
പത്തനംതിട്ട ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മധുവിനൊപ്പം 21നാണെത്തിയത്. ഫെബ്രുവരി രണ്ടുവരെ ഡൽഹിയിലുണ്ട്. ലോട്ടസ് ടെമ്പിളും കുത്തബ്മിനാറും ഇന്ദിരാഗാന്ധി മ്യൂസിയവും കണ്ടു. മെട്രോ ട്രെയിനിൽ കയറി. ഇന്ന് പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് കാണും. 28ന് രാഷ്ട്രപതി ഭവനിയിൽ രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. പാർലമെന്റും സന്ദർശിച്ച് താജ്മഹലും കണ്ടേ മടങ്ങൂ.
എല്ലാ വർഷവും ഒരു പട്ടികവർഗ വിഭാഗത്തിലുള്ള ദമ്പതികളെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഡൽഹിയിലേക്ക് ക്ഷണിക്കാറുണ്ട്. സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർക്കാണ് അവസരം.
''പ്രധാനമന്ത്രിയെ ഒരിക്കലും കാണുമെന്ന് കരുതിയില്ല. മരിക്കുംവരെ മറക്കാൻ പറ്റില്ല. വിമാനത്തിൽ കയറിയതും ആദ്യമാണ്. ഇതൊന്നും സ്വപ്നത്തിൽപോലുമില്ലായിരുന്നു.''
-ചന്ദ്രനും ലതയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |