സൂപ്പർ താരങ്ങൾക്ക് തിളങ്ങാൻ ആകാശമൊരുക്കിയവരാണ് തിലകനെ പോലുള്ള മഹാനടന്മാരെന്ന് പറഞ്ഞത് സുകുമാർ അഴിക്കോടായിരുന്നു. വെള്ളിത്തിരയിൽ പൂർണ ചന്ദ്രനായി വിളങ്ങിയ ചലച്ചിത്രങ്ങൾക്കായി സ്വയം ജീവിതം ഉഴിഞ്ഞുവച്ച ലൈറ്റ്മാൻ മുതൽ പ്രൊഡക്ഷൻ മാനേജർമാർ വരെയുള്ള ആയിരക്കണക്കിന് പേരുണ്ട് ഈ മേഖലയിൽ. ടൈറ്റിൽ കാർഡിൽ പേരുകൾ മിന്നി മാഞ്ഞ് പോകുന്ന ഇവരിൽ പലരെയും ആർക്കുമറിയില്ല. ജൂനിയർ ആർട്ടിസ്റ്റിന് കിട്ടുന്ന അംഗീകാരം പോലും പലപ്പോഴും ഇവരെ തേടിയെത്താറില്ല. ഒറ്റപ്പാലത്ത് വട്ടംചുറ്റിയിരുന്ന മലയാള സിനിമ ഇടുക്കിയിൽ സ്ഥിരതാമസമാക്കിയതിന് പിന്നിൽ ഒരു ലൊക്കേഷൻ മാനേജരാണെന്ന് ഇന്നും പലർക്കുമറിയില്ല. ദാസ് തൊടുപുഴയെന്ന ചെറിയ മനുഷ്യനാണ് ഇടുക്കിയുടെ മലമടക്കുകളിലേക്ക് മലയാള സിനിമയെ കൈപിടിച്ചുകയറ്റിയത്.
കഴിഞ്ഞ 12 വർഷത്തിനിടെ ദാസ് ലൊക്കേഷൻ മാനേജരായ 150 സിനിമകളാണ് ഇടുക്കിയിൽ ചിത്രീകരിച്ചത്. ഇടുക്കിയിലാകെ 60 വർഷത്തിനിടെ 250 സിനിമകളാണ് ആകെ ചിത്രീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞാൽ മനസിലാകും ദാസിന്റെ പ്രാധാന്യം. പ്രവാസിയായിരുന്ന ദാസ് 1996ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം എങ്ങനെയും സിനിമയിൽ മുഖം കാണിക്കാനായി ഷൂട്ടിംഗ് ലൊക്കേഷനുകളിലൂടെ ചാൻസ് ചോദിച്ച് അലഞ്ഞു. ഒടുവിൽ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അടുത്തെത്തി. 'രസതന്ത്രം" എന്ന സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ അന്വേഷിച്ചിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ തൊടുപുഴയിലുണ്ടോയെന്ന് അദ്ദേഹം ദാസിനോട് തിരക്കി. ഉണ്ടെന്ന് രണ്ടും കൽപ്പിച്ച് ദാസ് മറുപടിയും നൽകി. സത്യൻ അന്തിക്കാടിന്റെ സങ്കൽപ്പത്തിലുള്ള ഇടം ചോദിച്ചറിഞ്ഞ ദാസ് അദ്ദേഹത്തെ ഒരു ലൊക്കേഷനിലേക്ക് കൂട്ടികൊണ്ടുപോയി. കണ്ട സ്ഥലം സത്യന് നന്നേ പിടിച്ചു. അങ്ങനെ ദാസ് ആ ചിത്രത്തിന്റെ ലൊക്കേഷൻ മാനേജരായി.
രസതന്ത്രത്തിന്റെ വൻവിജയത്തോടെ തൊടുപുഴ മലയാള സിനിമയുടെ കോടമ്പാക്കമായി. പിന്നെ, ദാസിനും നിൽക്കാൻ നേരമില്ലായിരുന്നു. ദൃശ്യം മുതൽ ചിത്രീകരണം നടന്നു വരുന്ന ആഷിഖ് അബുവിന്റെ ചെറുക്കനും പെണ്ണും എന്ന സിനിമ വരെയെത്തി നിൽക്കുന്നു ആ 66കാരന്റെ തേരോട്ടം. തൊടുപുഴയ്ക്കു പുറമെ കാഞ്ഞാറും കുടയത്തൂരും കൈപ്പയും തൊമ്മൻകുത്തും മൂലമറ്റവുമൊക്കെ വിവിധ ചിത്രങ്ങളുടെ കാമറക്കണ്ണുകളിൽ ഇടം പിടിച്ചു. സംവിധായകരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള പെരുമാറ്റവും പ്രൊഡ്യൂസറുടെ കീശ കാലിയാകാത്ത വിധത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതുമാണ് ദാസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
കലാരംഗത്ത് നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ഞൂറോളം കലാകാരന്മാരെ ഉൾപ്പെടുത്തി 'വിസ്മയ" എന്ന സംഘടന രൂപീകരിച്ചു. കൂടാതെ എല്ലാ വർഷവും സത്യന്റെ പേരിൽ ഒരു നടന് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും നൽകി വരുന്നുണ്ട്. കഴിഞ്ഞ തവണ അത് ഇന്നസെന്റിനായിരുന്നു. കലാരംഗത്ത് ഉറച്ച പിന്തുണയായിരുന്നു പത്നി രാജം. നർത്തകിയായിരുന്ന രാജം ഇപ്പോൾ മറവി രോഗത്തിന്റെ പിടിയിലാണ്. 12 നാടകങ്ങളെഴുതിയിട്ടുള്ള ദാസ് അമച്വർ നാടക രംഗത്തും ശ്രദ്ധ പതിപ്പിച്ചു. പലതിന്റെയും രചയിതാവും സംവിധായകനും നിർമാതാവും ദാസ് തന്നെയായിരുന്നു. കുഞ്ഞിക്കൂനൻ ഉൾപ്പെടെ ഏഴു സിനിമകളിൽ ഈ ദമ്പതികൾ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ചാനൽ കാമറാമാനായ അഖിൽദാസും നർത്തകിയായ പ്രീതമോളുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |