തിരുവനന്തപുരം: പുലിമുട്ട് നിർമ്മാണത്തിനാവശ്യമായ പാറക്കല്ല് കിട്ടാനില്ലെന്നും അതിനാൽ നീട്ടി നൽകിയ ഒൻപത് മാസത്തിനകം വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദാനി ഗ്രൂപ്പ് സർക്കാരിനെയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനെയും (വിസിൽ) അറിയിച്ചതായി സൂചന. അതോടെ തുറമുഖത്തിന്റെ ആദ്യഘട്ടം ഇക്കൊല്ലവും പൂർത്തിയാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. പൈലിംഗും ഡ്രഡ്‌ജിംഗുമൊക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് 20 ശതമാനം മാത്രമാണ്. ഇതുവരെ പത്ത് ലക്ഷം ടൺ പാറക്കല്ലാണ് പുലിമുട്ട് നിർമ്മാണത്തിന് വേണ്ടിവന്നത്. ഇനിയും അറുപത് ലക്ഷം ടൺ പാറക്കല്ലുകൾ വേണ്ടി വരും.
അതേസമയം, സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണമെന്ന നിർദേശം അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയതായി സൂചനയുണ്ട്. ഇല്ലെങ്കിൽ കരാർ അവസാനിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് അവർക്ക് നൽകിയെന്ന വിവരം വിസിലിന്റെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന് മുമ്പ് തുറമുഖ നിർമ്മാണം പൂർത്തിയാക്കി വിഴിഞ്ഞത്ത് കപ്പലടിപ്പിക്കണമെന്നാണത്രേ സർക്കാരിന്റെ ആഗ്രഹം. എന്നാൽ, നിലവിലെ സ്ഥിതിവച്ച് നോക്കിയാൽ നിർമ്മാണ പ്രവർത്തനം ആ കാലയളവിനുള്ളിൽ പൂർത്തിയാവില്ല.
കരാർ പ്രകാരം 2019 ഡിസംബറിലാണ് തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ, ഓഖി ദുരന്തവും കരിങ്കൽ ക്ഷാമവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്നുവന്നു. തുടർന്നാണ് ഒൻപത് മാസത്തേക്കുകൂടി നീട്ടി നൽകിയത്. വ്യവസ്ഥ പ്രകാരം ഇനിയുള്ള 3 മാസം സർക്കാരിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടതില്ല. മൂന്നുമാസം കഴിഞ്ഞാൽ ഒരോ ദിവസവും 12 ലക്ഷം രൂപാ വച്ച് നഷ്ടപരിഹാരം സർക്കാരിന് നൽകണം എന്നാണ് കരാർ വ്യവസ്ഥ.
അതേസമയം, പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ ക്വാറികളിൽ നിന്നും പാറയെത്തിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും സർക്കാർ തലത്തിലും സെക്രട്ടറി തലത്തിലുമുള്ള ചർച്ചകളും അവലോകനങ്ങളും നടത്തുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തുറമുഖ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |