ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതിയില്ലെന്നും ഇന്ത്യൻ പൗരനായ പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിന് മാത്രമാണ് നികുതി ഏർപ്പെടുത്തുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രവാസി ഇന്ത്യാക്കാരിൽ നിന്നും ആദായനികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് രണ്ട് ഭേദഗതികളാണ് കഴിഞ്ഞ ദിവസം ബഡ്ജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഉൾപ്പെടുത്തിയത്. പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കപ്പെടണമെങ്കിൽ വർഷത്തിൽ ചുരുങ്ങിയത് 240 ദിവസമെങ്കിലും വിദേശത്ത് കഴിയണമെന്നതാണ് ഒരു ഭേദഗതി. നേരത്തേ 182 ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രവാസിയായി പരിഗണിച്ചിരുന്നു.ആദായ നികുതി ഈടാക്കാത്ത രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കി നികുതി ചുമത്തുമെന്നായിരുന്നു രണ്ടാമത്തെ ഭേദഗതി. ഗൾഫ് രാജ്യങ്ങളിൽ അധികവും ആദായനികുതി ചുമത്താറില്ല. അതിനാൽ
ഈ ഭേദഗതി നിർദേശം
പ്രവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. പ്രവാസി വ്യവസായികളും പ്രതിഷേധവുമായി രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതോടെയാണ് മന്ത്രിയുടെ വിശദീകരണം.
ഉദാഹരണത്തിന് ദുബായിൽ ഒരാൾ സമ്പാദിക്കുന്നതിന് നികുതി ചുമത്തില്ല. എന്നാൽ ഇന്ത്യയിലുള്ള സ്വത്തുക്കളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗൾഫ് അടക്കം മറ്റ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുമെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവർ അവിടെ സമ്പാദിക്കുന്നതിന് നികുതി ചുമത്തുമെന്നാണ് പ്രചാരണം. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ആശങ്ക മാറുന്നില്ല
പ്രവാസികളിൽ നല്ലൊരു പങ്കും ഇന്ത്യയിൽ നിക്ഷേപം നടത്തി വരുമാനം നേടുന്നവരായതിനാൽ പുതിയ ഭേദഗതി അവർക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.ഇന്ത്യയിലേയ്‌ക്കുള്ള പ്രവാസി നിക്ഷേപത്തെയും ഇത് ബാധിക്കും. ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ നികുതി രഹിത രാജ്യങ്ങളായതിനാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പുതിയ ഭേദഗതി തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |