ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സമരക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. റോഡുകൾ അനിശ്ചിതമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ലെന്ന് ജസ്റ്റിസ് കെ.എസ് കൗൾ ചൂണ്ടിക്കാട്ടി.
എല്ലാവരും എല്ലായിടത്തുമിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. സമരം എത്ര ദിവസം വേണമെങ്കിലും തുടരാമെന്നും, എന്നാൽ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 17ന് ഹർജി വീണ്ടും പരിഗണിക്കുമെന്നു,ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
17നകം കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകണമെന്നും കോടതി നിർദേശം നൽകി. ഡിസംബർ 15ന് ഷഹീൻബാഗിൽ പത്ത് സ്ത്രീകൾ ചേർന്നാണ് സമരം തുടങ്ങിയത്. പിന്നീട് ആയിരക്കണക്കിനാളുകൾ സമരത്തിന് പിന്തുണയുമായെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |