ശബരിമല: നടവരവിൽ 84 കോടിയുടെ വർദ്ധന
തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം മണ്ഡലകാല നടവരവിൽ 84.34 കോടിയുടെ വർദ്ധനയുണ്ടായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ദേവസ്വം ബോർഡുകളിലേക്കും മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളിലെ അക്കൗണ്ടുകളിലേക്കുമാണ് എത്തുന്നതെന്നും വി.എസ്.ശിവകുമാറിന്റെ ചോദ്യത്തിന് മന്ത്രി അറിയിച്ചു.
മാതാപിതാക്കളെ സംരക്ഷിക്കാത്ത
മക്കളുടെ എണ്ണം വർദ്ധിക്കുന്നു
തിരുവനന്തപുരം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ സംസ്ഥാനത്ത് 15,650 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയ അറിയിച്ചു. സംസ്ഥാനത്തെ 27 മെയിന്റനൻസ് ട്രൈബ്യൂണലുകൾ വഴി ഇതിൽ 11,005 കേസുകളിൽ തീർപ്പാക്കി.ഇത്തരം മാതാപിതാക്കൾക്ക് സർക്കാർ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിൽ പ്രവേശനവും സംരക്ഷണവും സൗജന്യമാണെന്ന് മന്ത്രി അറിയിച്ചു.
തീരദേശ മേഖലാ നിയന്ത്രണം:
ഇളവിന് കേന്ദ്രത്തെ സമീപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരദേശ മേഖലാ നിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ ഇളവ് ലഭിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയെ അറിയിച്ചു.
2019ലെ വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ അംഗീകരിക്കുന്നത് വരെ സമഗ്ര ദ്വീപ് പരിപാലനവും വിജ്ഞാപനത്തിലെ മൂന്ന് എ വ്യവസ്ഥയും ഒഴിവാക്കി മറ്റ് വ്യവസ്ഥകൾ നടപ്പാക്കുന്നതിനാവും അനുവാദം ചോദിക്കുക.1991ൽ തീരദേശ മേഖലാ നിയന്ത്രണ വിജ്ഞാപനം രാജ്യത്ത് നിലവിൽ വന്നെങ്കിലും തീരദേശ പരിപാലന പ്ലാൻ സംസ്ഥാനത്ത് പ്രാബല്യത്തിലായത് 1996ലാണ്. 2011ൽ കേന്ദ്രസർക്കാർ ഭേദഗതിയോടെ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തീരദേശ പരിപാലന പ്ലാൻ കേന്ദ്രസർക്കാർ അംഗീകരിച്ച് കേരളത്തിൽ നിലവിൽ വന്നത് 2019ലാണ്. കേന്ദ്രസർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകൂ.. അതുവരെ 2011 ലെ വ്യവസ്ഥകളും അത് പ്രകാരമുള്ള തീരദേശ പരിപാലന പ്ലാനുമായിരിക്കും സംസ്ഥാനത്ത് ബാധകം.. 2019 ലെ വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടി.ജെ വിനോദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ്: വേതനത്തിനായി കേന്ദ്രം 900കോടി നൽകി
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ വേതനം നൽകാനായി കേന്ദ്രസർക്കാർ 900കോടി അനുവദിച്ചതായി മന്ത്റി എ.സി. മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. ജനുവരി 25വരെയുള്ള വേതനം നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് നിയമപ്രകാരം വേതനം സമയത്ത് ലഭിക്കാനായി 97 ശതമാനം മസ്റ്റർ റോളുകൾ എട്ടുദിവസത്തിനകം പൂർത്തിയാക്കും. രണ്ടാംഘട്ട നടപടികളെടുക്കേണ്ട കേന്ദ്രസർക്കാർ 22.01 ശതമാനം മസ്റ്റർ റോളുകൾ മാത്രമാണ് സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുള്ളത്. പ്രവൃത്തി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ വേതന വിതരണം നടത്തണമെന്നിരിക്കെ കേന്ദ്രം കാലതാമസം വരുത്തുകയാണൈന്നും സി.കെ. ഹരീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.
റബർ വിലസ്ഥിരതാ ഫണ്ട്: 57കോടി കുടിശിക ഉടൻ നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം: റബർ വിലസ്ഥിരതാ പദ്ധതിയുടെ സബ്സിഡി ഇനത്തിൽ കർഷകർക്കു കൊടുത്തു തീർക്കാനുള്ള 57 കോടി രൂപ ഉടൻ കൊടുത്തു തീർക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. റബർ വിലസ്ഥിരതാ സബ്സിഡി ഇനത്തിൽ 2019 മാർച്ച് മുതലുള്ള കുടിശികയുണ്ടെന്നു സബ്മിഷൻ അവതരിപ്പിച്ച കെ.സി. ജോസഫ് ആരോപിച്ചു. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം റബർ കർഷകർക്ക് സബ്സിഡി ഇനത്തിൽ 1452.83 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. 85 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് യു.ഡി.എഫ് സർക്കാർ 150 രൂപ വിലസ്ഥിരതാ പദ്ധതി പ്രഖ്യാപിച്ചു ബാക്കി തുക സബ്സിഡിയായി നൽകിയിരുന്നതെന്നു കെ.സി. ജോസഫ് പറഞ്ഞു. ഇപ്പോൾ റബർ 131 രൂപയായി. വെറും 19 രൂപ മാത്രമാണു സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകുന്നത്. ഈ തുകയും സമയബന്ധിതമായി വിതരണം ചെയ്യുന്നില്ല. വിലസ്ഥിരതാപദ്ധതി പ്രകാരം 200 രൂപയാക്കി ഉയർത്തണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |