തിരുവനന്തപുരം: കുപ്പിവെള്ളത്തിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലക്കുറവ് നിലവിൽ വരും. ഇപ്പോൾ 20 രൂപയാണ് ഈടാക്കുന്നത്.
കുപ്പിവെള്ളത്തിന് വില കുറയ്ക്കാനുള്ള സർക്കാർ നീക്കങ്ങളെ ദീർഘനാളായി കുടിവെള്ള ലോബി അട്ടിമറിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി തുടർച്ചയായി റിപ്പോർട്ട് നൽകിയിരുന്നു. 2018 ഏപ്രിലിലാണ് വില കുറയ്കാൻ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തത്. ആ വർഷം ജനുവരിയിൽ ലിറ്റരിന് 10 രൂപയ്ക്കു വിൽക്കാൻ കുപ്പിവെള്ള നിർമ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടിൽവാട്ടർ മാനുഫാച്ചേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തു. മാർച്ച് രണ്ട് മുതൽ 12 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപനവും ഉണ്ടായി. ചില വൻകിട നിർമ്മാതാക്കളും വ്യാപാരികളും എതിർത്തതോടെ അത് ജലരേഖയായി. തുടർന്നാണ് ഓർഡിനൻസിലൂടെ കുപ്പിവെള്ള വില 12 രൂപയാക്കാൻ ഏപ്രിലിൽ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യവും, സർക്കാർ തീരുമാനത്തെ കുടിവെള്ള ലോബി അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളും 'കേരളകൗമുദി' പുറത്തുകൊണ്ടുവന്നു. തുടർന്ന് പിഴവില്ലാത്ത രീതിയിൽ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ മന്ത്രി പി. തിലോമത്തമൻ നിർദ്ദേശം നൽകിയെങ്കിലും മുഖ്യമന്ത്രിക്കു മുന്നിൽ ഫയലെത്താൻ രണ്ടു വർഷത്തോളമെടുത്തു.
പുതുക്കിയ വിലയ്ക്കു പുറമെ, ബി.ഐ.എസ് നിർദ്ദേശിക്കുന്ന ഗുണനിലവാരം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അസോസിയേഷനെ പിളർത്തി
പ്രതിവർഷം 1500 കോടിയുടെ കുപ്പിവെള്ള കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ 40 ശതമാനം തുക നിർമ്മാതാക്കളുടെ കൈകളിലും ബാക്കി 60 ശതമാനം വൻകിട ചെറുകിട കച്ചവടക്കാരുടെ കൈകളിലുമാണ് എത്തുന്നത്. എന്തു വിലകൊടുത്തും സർക്കാർ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലാരുന്നു വിപണി നിയന്ത്രിക്കുന്ന ശക്തികൾ. ഇതിനുവേണ്ടി വിലകുറച്ചു വിൽക്കാൻ തീരുമാനിച്ച അസോസിയേഷനെ പിളർത്തുകയും ചെയ്തു. കുപ്പിവെള്ളത്തിൽ 80 ശതമാനവും ഒരു ലിറ്ററിന്റേതാണ്.
വില ₹ 13 ആകുമ്പോൾ
നിർമ്മാണച്ചെലവ് ₹ 6
കടകളിൽ നൽകുന്നത് ₹ 8
കടക്കാരന് ലഭിക്കുന്ന ലാഭം ₹ 5
ലാഭ വിഹിതം 38.46%
കേന്ദ്രനിയമം
*കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കിയാൽ തടവുശിക്ഷവരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം
* കുറ്റം കണ്ടെത്തിയാൽ ₹ 25,000 ആദ്യം പിഴ ഈടാക്കാം
*കുറ്റം ആവർത്തിച്ചാൽ പിഴ ₹ 50,000 ആകും
*പിന്നെയും ആവർത്തിക്കുന്നവർക്ക് പിഴ ഒരു ലക്ഷമാക്കുകയോ ഒരു വർഷം തടവോ ഇതുരണ്ടും കൂടിയോ ശിക്ഷയായി നൽകുകയൊ വേണമെന്നും കേന്ദ്രനിയമത്തിൽ വ്യവസ്ഥയുണ്ട്.
₹ 11ന് കുപ്പിവെള്ളം
ഇതിനിടെ 11 രൂപയ്ക്ക് സപ്ളൈകോയുടെ ഷോപ്പുകളിലൂടെ കുപ്പിവെള്ള എത്തിച്ചു വിപണനം തുടങ്ങി. അതോടെ കച്ചവടത്തിന്റെ ലാഭം സർക്കാരിന് നേരിട്ട് ബോദ്ധ്യം വന്നു. ഇപ്പോഴും ഇത് ലഭ്യമാണ്.
'' കുപ്പിവെള്ള കച്ചവടത്തിലൂടെ വൻതോതിൽ ജനങ്ങളെ ചൂക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതിനാണ് ഇതോടെ അറുതിവരുന്നത്. ഇനിയും ചൂഷണം അനുവദിക്കില്ല- പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |