പുനലൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞു നാലു സ്ത്രീകളിൽ നിന്ന് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കരവാളൂർ നീതുഭവനിൽ നീതു മോഹനനെ (35) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വിളക്കുടി അനീസ് മൻസിലിൽ ആൻസി, കുന്നിക്കോട് അയക്ഷ മൻസിലിൽ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടിൽ അൻസിയ ബീവി,ആവണീശ്വരം ഷെഫീർ പ്രിൻസ് വില്ലയിൽ ഫൗസിയ എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ, ഓഫീസ് അസിസ്റ്റൻഡ്, മെസഞ്ചർ,ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലിനൽകാമെന്നായിരുന്നു വാഗ്ദാനം. എസ്.ബി.ഐയുടെ നിലമേൽ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാർ പണം നിക്ഷേപിച്ചത്. ഇവർ പലപ്പോഴായി 2.60 ലക്ഷം രൂപയാണ് നീതുവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവർ പുനലൂർ പൊലീസിൽ പരാതി നൽകിയത്.
പുനലൂർ സി.ഐ.ബിനുവർഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നൽകി 17 ഓളം പേരിൽനിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |