കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പു സാമ്പത്തിക വർഷം (2019-20) ഏപ്രിൽ-ജനുവരി കാലയളവിൽ ഒമ്പത് ശതമാനം കുറഞ്ഞ് 2,464 കോടി ഡോളറിലെത്തി. ഏകദേശം 1.76 ലക്ഷം കോടി രൂപ വരുമിത്. മുൻവർഷത്തെ സമാനകാലയളവിൽ സ്വർണം ഇറക്കുമതിച്ചെലവ് 2,700 കോടി ഡോളർ (1.93 ലക്ഷം കോടി രൂപ) ആയിരുന്നു. പൊന്നിന്റെ റെക്കാഡ് വിലക്കുതിപ്പാണ് ഈ വർഷം ഇറക്കുമതി കുറയാൻ പ്രധാന കാരണം.
സ്വർണം ഇറക്കുമതിയിലുണ്ടായ കുറവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി താഴാൻ സഹായകമായിട്ടുണ്ട്. രാജ്യത്തിന്റെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണിത്. നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ 13,327 കോടി ഡോളറാണ് കറന്റ് അക്കൗണ്ട് കമ്മി. 2018-19ലെ സമാനകാലത്ത് ഇത് 16,327 കോടി ഡോളർ ആയിരുന്നു.
800 ടൺ
സ്വർണം ഇറക്കുമതിയിൽ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇതിൽ മുന്തിയപങ്കും വാങ്ങുന്നത് ആഭരണ നിർമ്മാതാക്കളാണ്.
12.5%
കറന്റ് അക്കൗണ്ട് കമ്മി പിടിച്ചു നിറുത്താനും നികുതി വരുമാനം മെച്ചപ്പെടുത്താനുമായി സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്രസർക്കാർ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കഴിഞ്ഞവർഷം കൂട്ടിയിരുന്നു.
$3,280 കോടി
കഴിഞ്ഞ സാമ്പത്തികവർഷം (2018-19) ഇന്ത്യയുടെ സ്വർണ ഇറക്കുമതിച്ചെലവ് 3,280 കോടി ഡോളർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |