ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ഡൽഹി ജാമിയ മിലിയ സർവകലാശാല ലൈബ്രറിയിൽ ഡൽഹി പൊലീസും അർദ്ധ സൈനികവിഭാഗവും നടത്തിയ അക്രമങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തായി. ഡിസംബർ 15ന് വൈകിട്ട് നടന്ന അക്രമത്തിന്റെ 49 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ വിദ്യാർത്ഥികളാണ് പുറത്തുവിട്ടത്. എം.എ, എം.ഫിൽ വിഭാഗത്തിലെ ഓൾഡ് റീഡിംഗ് റൂമിൽ കടന്ന് പുസ്തകം വായിച്ചിരിക്കുന്ന വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതും ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ ഹെൽമെറ്റ് വച്ച് മുഖംമറച്ചെത്തിയ പൊലീസും അർദ്ധ സൈനികരും ലാത്തിയുപയോഗിച്ച് പിന്തുടർന്ന് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. സർവകലാശാല അധികൃതരുടെ അനുവാദമില്ലാതെ ക്യാമ്പസിൽ കടന്ന പൊലീസ് അതിക്രമം കാട്ടിയെന്ന് നേരത്തെ വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് അതിക്രമത്തിൽ ഒരു എൽ.എൽ.എം വിദ്യാർത്ഥിയുടെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നിരവധി വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |