തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും ,ഇരുവരെയും സി.പി.എമ്മിൽ നിന്ന് പുറത്താക്കിയെന്നും സി.പി.എം സംസ്ഥാന സമിതി യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇവരെ പാർട്ടി പുറത്താക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യം.
ഒരേ സമയം മാവോയിസ്റ്റ് പ്രസ്ഥാനത്തിലും സി.പി.എമ്മിലും പ്രവർത്തിക്കുകയായിരുന്നു ഇവർ. മാവോയിസ്റ്റുകളാണെന്ന് കണ്ടെത്തിയതിനാലാണ് പാർട്ടി ഏരിയാ കമ്മിറ്റി പുറത്താക്കിയത്. അതിന് ജില്ലാകമ്മിറ്റി അംഗീകാരം നൽകി. കോഴിക്കോട്ട് നടന്നതായതിനാലാണ് നിങ്ങൾ (തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ) അറിയാതെ പോയത്- ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു. മാവോയിസം സിന്ദാബാദെന്ന് അവർ മുദ്രാവാക്യം വിളിച്ചില്ലേ. സി.പി.എമ്മുകാർക്ക് അങ്ങനെ വിളിക്കാൻ പറ്റുമോ?.ഇരുവരെയും തെറ്റ് തിരുത്തിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അതവരെ സസ്പെൻഡ് ചെയ്ത സമയത്ത് പറഞ്ഞതാണെന്നായിരുന്നു മറുപടി. പുറത്താക്കൽ ഒരു മാസം .മുമ്പായിരുന്നു. സംസ്ഥാനസമിതിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള പൊലീസ് അന്വേഷിക്കുന്ന കേസ് അനുവാദമില്ലാതെ എൻ.ഐ.എ ഏറ്റെടുത്തത് തെറ്റാണെന്ന് സംസ്ഥാനസമിതി പറഞ്ഞിട്ടുണ്ട്.. തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
മൂന്നാഴ്ച മുമ്പ് പി. മോഹനൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇരുവരെയും തെറ്റ് തിരുത്തി തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ്. ഇരുവർക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നും കുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് പാർട്ടി പിന്മാറിയിട്ടില്ലെന്നും വ്യക്തമാക്കി.. വിവാദമായപ്പോൾ വൈകിട്ട് തിരുത്തി . ഇരുവരും മാവോയിസ്റ്റുകളാണെന്നും ആട്ടിൻകുട്ടികളല്ലെന്നും ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്.
സംസ്ഥാനസമിതിയിൽ വിഷയം ചർച്ചയായി
അലൻ, താഹ അറസ്റ്റ് വിവാദത്തിൽ നിജസ്ഥിതി സംസ്ഥാനസമിതിയിൽ ചില അംഗങ്ങൾ ആരാഞ്ഞു.. അവർ മാവോയിസ്റ്റുകളാണെന്ന മറുപടിയാണ് ലഭിച്ചത്. അജൻഡയിലില്ലായിരുന്ന വിഷയം അതോടെ ചർച്ചയായി..മാവോയിസത്തെ അനുകൂലിച്ചുള്ള മുദ്രാവാക്യം വിളി തെളിവാണെന്നും പറഞ്ഞു. പാർട്ടി നടപടിയെടുത്തോയെന്ന ചോദ്യമുയർന്നപ്പോഴാണ് ,അവരെ പുറത്താക്കിയിട്ടുണ്ടെന്നും , ജയിലിലായതിനാൽ അറിയിക്കാനായിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചതെന്നാണറിയുന്നത്. സി.പി.എം ബ്രാഞ്ച് അംഗങ്ങളായിരുന്ന ഇരുവരും. നവംബർ മൂന്നിനാണ് അറസ്റ്റിലായത്.
ഇരുവർക്കുമെതിരായ പൊലീസ് നടപടിക്കെതിരെ ഇടതുപക്ഷത്തും പാർട്ടിയിലുമടക്കം അമർഷം നിലനിൽക്കെയാണ് ,മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം നേതൃത്വവും അവരെ തള്ളിപ്പറഞ്ഞിരിക്കുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |