ന്യൂഡൽഹി: വനിതാ ഓഫീസർമാർക്ക് കരസേനയിൽ സുപ്രധാന പദവികൾ ആകാമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി. കരസേനയിൽ വനിതകൾക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡൽഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിവേചനപരമാണെന്ന് വിമർശിച്ച കോടതി, സേനാവിഭാഗങ്ങളിൽ ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മനോഭാവം മാറേണ്ടതാണെന്നും വിഷയത്തിലുള്ള കേന്ദ്രത്തിന്റെ മറുപടി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ ലിംഗവിവേചനം കാട്ടുകയാണെന്നും സർക്കാരിന്റെ മനോഭാവം കരസേനയ്ക്കാകെ അപമാനം ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സേനയിൽ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന ഈ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്. യുദ്ധമേഖലകളിൽ ഒഴികെ സ്ത്രീ ഓഫീസർമാരെ സുപ്രധാന ചുമതലകളിൽ നിയമിക്കാമെന്നും മൂന്ന് മാസത്തിനകം ഈ നിർദ്ദേശം നടപ്പാക്കേണ്ടതാണെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. വനിതകൾക്ക് സേനയിൽ ഉന്നത പദവികളിലെത്താൻ മാതൃത്വം, കുടുംബം എന്നിവ തടസമാണെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചത്.
സൈന്യത്തിലെ അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷൻമാരായ കീഴുദ്യോഗസ്ഥർ ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. പെർമെനന്റ് കമ്മീഷൻ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളിൽ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |