ഹരിദ്വാർ : ഇന്ത്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിൽ നിന്നും ഹരിദ്വാറിലെത്തിയ മുന്നൂറ് ഹിന്ദു പാകിസ്ഥാനികൾക്ക് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പറയാൻ നൂറ് നാവ്. ഹരിദ്വാറിലെത്തിയ പാകിസ്ഥാനികൾക്ക് ഹൃദ്യമായ സ്വീകരണമാണ് പ്രദേശവാസികൾ നൽകിയത്. ഇന്ത്യൻ സർക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നത് തങ്ങൾ ഏറെ നാളായി കാത്തിരുന്ന തീരുമാനമാണെന്നാണ് ചിലർ പ്രതികരിച്ചത്. പാക് പൗരൻമാരോട് സി.എ.എക്കുറിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് അഭിപ്രായം ആരാഞ്ഞത്.
തീക്കാം ദാസ് എന്ന പാക് ഹിന്ദു, നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് സംസാരം ആരംഭിച്ചത്. മോദിയുടെ ധീരമായ നടപടിയാണിത്. പാകിസ്ഥാനിൽ വ്യാപാരിയായ ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സി.എ.എ ഹിന്ദുക്കൾക്ക് മാത്രമല്ല, മറ്റു ന്യൂനപക്ഷ മതസ്ഥർക്കും ഇന്ത്യൻ പൗരത്വം നേടുന്നതിന് എളുപ്പമാർഗം സൃഷ്ടിക്കും എന്നതാണ്. ഇന്ത്യയിൽ ഈ നിയമ ഭേദഗതിക്കെതിരെ എതിർപ്പ് ഉയരുന്നത് നിയമത്തെ കുറിച്ചുള്ള ആശയക്കുഴപ്പം മൂലമാണ്. അതേസമയം സിന്ധ് പ്രവിശ്യയിൽ നിന്നും എത്തിയ കൈലാഷ് കുമാറും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. പ്രതീക്ഷയുടെ ബീക്കണാണ് ഇന്ത്യൻ സർക്കാർ പാസാക്കിയ പുതിയ നിയമം. തങ്ങളുടെ മുൻഗാമികളുടെ നാട്ടിൽ പൗരത്വം ലഭിക്കുവാനുള്ള വഴി ഇതു തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു നേരെ ക്രൂരമായ വേട്ടയാടലുകളാണ് നടക്കുന്നത്. ഹിന്ദു കുടുംബത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലിം യുവാക്കൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സന്ദർശക വിസയിൽ ഇന്ത്യയിൽ വരുന്ന പാക് ഹിന്ദുക്കൾ വലിയ ലഗേജുകളുമായി അതിർത്തി കടന്ന് വരുന്ന ചിത്രങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |