ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സൂചന.
ഏപ്രിലിൽ നടക്കുന്ന പാർട്ടി പ്ളീനറി സമ്മേളനത്തിൽ രാഹുലിനെ വീണ്ടും നേതൃപദവിയിൽ അവരോധിക്കുമെന്നാണ് സൂചന.
അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
2017 ഡിസംബറിലെ പ്ളീനറി സമ്മേളനത്തിൽ അദ്ധ്യക്ഷ സ്ഥാനമേറ്റ രാഹുൽ കഴിഞ്ഞ ജൂലായിലാണ് രാജിവച്ചത്. തുടർന്ന് സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി നിയമിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കണമെന്നും രാഹുൽ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടിരുന്നു. പ്രവർത്തക സമിതി ഇടപെട്ട് അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തകരെ ഉണർത്താനും വോട്ടർമാരെ പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ അഭിപ്രായത്തെ പിന്താങ്ങി ശശി തരൂർ എം.പി രംഗത്തെത്തി.
അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രവർത്തക സമിതി അന്തിമ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു. പ്രവർത്തക സമിതി പാസാക്കിയ പ്രമേയം വായിക്കാതെ നേതാക്കൾ പരസ്യ പ്രസ്‌താവന നടത്തരുതെന്നും സന്ദീപ് ദീക്ഷിതിനെ പരോക്ഷമായി പരാമർശിച്ച് സുർജെവാല വിശദീകരിച്ചു. പ്രസ്‌താവന നടത്തുന്നതിന് പകരം സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലം മെച്ചപ്പെടുത്താനാകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലെത്തിച്ച് നേതൃ നിര ശക്തിപ്പെടുത്താനും ആലോചനയുണ്ട്. മദ്ധ്യപ്രദേശിൽ ഏപ്രിലിൽ ഒഴിവു വരുന്ന സീറ്റിൽ പ്രിയങ്കയെ നിറുത്താനാണ് നീക്കം.
പ്രമുഖ നേതാക്കളായ ദിഗ്‌വിജയ് സിംഗിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഒതുക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. മുഖ്യമന്ത്രി കമൽനാഥിന്റെ അടുത്ത അനുയായിയും മന്ത്രിയുമായ സജ്ജൻ സിംഗ് വർമ്മയാണ് പ്രിയങ്കയ്‌ക്ക് വേണ്ടി രംഗത്തെത്തിയത്. അരുൺ യാദവിനെപ്പോലുള്ള മുതിർന്ന നേതാക്കൾ പിന്തുണച്ചു. മദ്ധ്യപ്രദേശിൽ കോൺഗ്രസിന് മൂന്നുപേരെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |