ആസ്ട്രേലിയ: 'കുള്ളൻ' എന്നു വിളിച്ച് കൂട്ടുകാർ കളിയാക്കിയപ്പോൾ തകർന്നത് കുഞ്ഞ് ക്വാഡന്റെ ഹൃദയമാണ്... ജന്മനാ ഉയരക്കുറവെന്ന വൈകല്യത്തോട് പൊരുതി ജീവിക്കുന്ന ഒൻപതു വയസുകാരന് സഹപാഠികളുടെ പരിഹാസം താങ്ങാവുന്നതിലധികമായി. സഹികെട്ടപ്പോഴാണ് അവൻ അമ്മയോട് ചോദിച്ചത്. 'എന്നെയൊന്ന് കൊന്ന് തരുമോ" എന്ന്. പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ അമ്മയായ യരാക്ക ബെയിൽസ് പുറത്തുവിട്ടു. ‘എനിക്ക് ഒരു കയറു തരൂ ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ്’ എന്നാണ് കണ്ണീരിനിടയിലൂടെ ക്വാഡൻ പറഞ്ഞത്. ഇത് ലോകമനസാക്ഷിയെ മുറിവേൽപ്പിച്ചു. ക്വാഡന് സാന്ത്വനവുമായി നിരവധിപേരെത്തി.
ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങൾ തങ്ങളുടെ മത്സരം കാണാൻ ക്വാഡനെ ക്ഷണിച്ചു. അവർക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയ ക്വാഡന്റെ ചിത്രം ഇന്നലെ രാത്രി സോഷ്യൽമീഡിയയിൽ തരംഗമായി.
യു.എസിലെ കൊമേഡിയനായ ബ്രാഡ് വില്യംസ് രണ്ടു കോടിയോളം രൂപ ക്വാഡന് വേണ്ടി സമാഹരിച്ചു. അമ്മയെയും കാലിഫോർണിയയിലെ ഡിസ്‌നി ലാൻഡ് സന്ദർശനത്തിനയയ്ക്കുമെന്ന് ബ്രാഡ് അറിയിച്ചു. ഹോളിവുഡ് താരം ഹ്യൂജ് ജാക്ക്മാനും ബോഡി ഷെയിമിംഗിനെതിരെ രംഗത്തെത്തി. ഡ്വാർഫിസം എന്ന അപൂർവ ജനിതക രോഗമാണ് ക്വാഡന്റെ ഉയരക്കുറവിന് കാരണം.
സന്തോഷത്തിൽ ക്വാഡൻ
തന്റെ പ്രിയപ്പെട്ട താരങ്ങളുടെ ആശ്വാസ വാക്കുകേട്ട്, സോഷ്യൽ മീഡിയയുടെ സാന്ത്വനത്തിൽ കണ്ണീർ തുടച്ച്, ജീവിതത്തെ നോക്കി പുഞ്ചിരിക്കയാണ് ക്വാഡനിപ്പോൾ.
'' എന്റെ പ്രിയപ്പെട്ട റാപ്പേഴ്‌സ് ഉൾപ്പെടെയുള്ളവർ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. നിങ്ങളെ ആരെങ്കിലും കളിയാക്കിയാൽ അവർ പറയുന്നത് ശ്രദ്ധിക്കാതെ നിങ്ങൾക്കുവേണ്ടി നിലകൊള്ളുക. വൈകല്യങ്ങളുള്ള കുട്ടികളോട് നന്നായി പെരുമാറാൻ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണം.''- ക്വാഡൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |