ന്യൂഡൽഹി: രാജ്യത്തിന്റെ തലവര മാറ്റാൻ ഉതകുന്ന സ്വർണം ഉത്തർ പ്രദേശിലെ സോൺഭദ്ര ജില്ലയിൽ മണ്ണിൽ ഒളിച്ചിരിപ്പുണ്ടെന്ന ശുഭ വാർത്ത ഇന്നലെ രാവിലെ പുറത്തുവന്നെങ്കിലും വൈകിട്ടോടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. 12 ലക്ഷം കോടി രൂപ വില വരുന്ന 3000 ടൺ സ്വർണ നിക്ഷേപം സോൺഭദ്രയിലുണ്ടെന്ന് സംസ്ഥാന ജിയോളജി ആൻഡ് മൈനിംഗ് ഡയറക്‌ടറേറ്രാണ് അവകാശപ്പെട്ടത്.
എന്നാൽ, ഇവിടെ ഇത്രയും അളവിൽ സ്വർണ നിക്ഷേപമില്ലെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജി.എസ്.ഐ) കൊൽക്കത്തയിലെ ആസ്ഥാനത്ത് പിന്നീട് തിരുത്തി. പരമാവധി 160 കിലോ സ്വർണം മാത്രം കിട്ടാമെന്നാണ് അവരുടെ വിലയിരുത്തൽ.
പിന്നാക്ക ജില്ലയായ സോൺഭദ്രയിലെ സോനാ പഹാഡിയിയിൽ (സ്വർണക്കുന്ന്) 2,943 ടണ്ണും ഹർദി ബ്ളോക്കിൽ 646 ടണ്ണും സ്വർണം സംസ്ഥാന ജിയോളജി വകുപ്പ് കണ്ടെത്തിയെന്നാണ് വാർത്ത വന്നത്. സോനാ പഹാഡിയിലേത് 5200 ടൺ വരെയാകാമെന്നും അവർ അവകാശപ്പെട്ടു. ഇത് രാജ്യത്ത് നിലവിലുള്ള സ്വർണ നിക്ഷേപത്തിന്റെ അഞ്ചിരട്ടി വരും.
യു.പി ജിയോളജി വകുപ്പ് 20 വർഷമായി സോൺഭദ്രയിൽ പഠനം നടത്തി വരികയാണ്. ജില്ലയിലെ പുലവാർ, സലായ്ദി ബ്ളാക്കുകളിൽ ആന്ദലുസൈറ്റ് (അലൂമിനിയം നെസോസിലിക്കേറ്റ്) - 95.02 ടൺ, പാട്‌വാധ് ബ്ളോക്കിൽ പൊട്ടാഷ് - 9.46 ടൺ, ഭർഹരിയിൽ ഇരുമ്പ് - 14.97ടൺ, ചിപ്പിയ ബ്ളോക്കിൽ സിലിമനൈറ്റ് - 9.8 ടൺ എന്നീ ലവണങ്ങളുടെയും സാന്നിദ്ധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു. ഇവിടെ യുറേനിയത്തിനും സാദ്ധ്യതയുള്ളതിൽ ആ ദിശയിൽ പര്യവേഷണം തുടരുകയാണെന്നും ജില്ലാ മൈനിംഗ് ഒാഫീസർ കെ.കെ.റായ് പറഞ്ഞു.
നിരാശപ്പെടുത്തി ജി.എസ്.ഐ
പ്രചരിക്കുന്ന വാർത്തകൾ പൂർണമായും ശരിയല്ലെന്നാണ് ജി.എസ്.ഐ വിശദീകരിച്ചത്. 1999-2000ൽ സോൺഭദ്രയിൽ ജി.എസ്.ഐ നടത്തിയ പര്യവേഷണങ്ങളിൽ ഇത്രയും സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നില്ല. സോണാപഹാഡിയിലെ 52806.25 ടൺ സ്വർണ അയിരിൽ നിന്ന് 160 കിലോ സ്വർണം ലഭിക്കാം. (ഒരു ടൺ അയിരിൽ 3.03 ഗ്രാം സ്വർണം എന്ന തോതിൽ). ഇതിനു പകരം 3350 ടൺ സ്വർണം സംസ്‌കരിച്ചെടുക്കാൻ കഴിയുമെന്നതിന് അടിസ്ഥാനമില്ല. യു.പി ജിയോളജി വകുപ്പുമായി ചേർന്ന് ലക്നൗവിലും പത്രസമ്മേളനം നടത്തും.
ബംബറടിച്ചാൽ...
3000 ടൺ സ്വർണം ലഭിച്ചാൽ ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും 8133.5 ടൺ സ്വർണമുള്ള അമേരിക്കയാണ് ഒന്നാമത്. ജർമ്മനി (3366 ടൺ), അന്താരാഷ്‌ട്ര നാണയ നിധി (2814 ടൺ), ഇറ്റലി (2451.8 ടൺ), ഫ്രാൻസ് (2436 ടൺ) എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനക്കാർ.
സോൺഭദ്ര
മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു
ദരിദ്ര ആദിവാസി വിഭാഗമാണ് ഭൂരിപക്ഷം. കൽക്കരി, ബോക്സൈറ്റ്, ലൈംസ്റ്റോൺ ഖനനമുണ്ട്
ഏഴ് വലിയ വൈദ്യുതി നിലയങ്ങളുണ്ട്. രാജ്യത്തെ ഊർജ തലസ്ഥാനമെന്നും അറിയപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |