ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൗതം ഗംഭീർ. ' പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏതു പാർട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണം. ബി.ജെ.പിയോ കോൺഗ്രസോ എ.എ.പിയോ എന്നിങ്ങനെ ഏതു പാർട്ടിയുടെ നേതാവായാലും അയാൾക്കെതിരെ കടുത്ത നടപടി വേണം. കപിൽ മിശ്രയുടെ പ്രസംഗം അംഗീകരിക്കാൻ സാധിക്കില്ല" – ഗംഭീർ വ്യക്തമാക്കി.
ഇത് ഒരു രാഷ്ട്രീയ കക്ഷിയുടെ വിഷയമല്ല, ഡൽഹിയുടെ കാര്യമാണ്. ഷഹീൻ ബാഗിൽ സമാധാനപരമായ പ്രതിഷേധമാണ് നടന്നിരുന്നത്. എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇവിടെയെത്തുമ്പോൾ പ്രതിഷേധം അക്രമാസക്തമായി. ഇതു ശരിയല്ല. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം അംഗീകരിക്കാം. എന്നാൽ കല്ലെടുക്കുന്നത് ശരിയല്ല. പൊലീസിന്റെ മുന്നിൽ തോക്കും പിടിച്ചു നിങ്ങൾ എങ്ങനെയാണ് നിൽക്കുന്നത്."– ഡൽഹി സംഘർഷത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ സന്ദർശിച്ചു മടങ്ങവേ ഗംഭീർ പറഞ്ഞു.
ഞായറാഴ്ച ഡൽഹി പൊലീസിന് കപിൽ മിശ്ര അന്ത്യശാസനം നൽകിയിരുന്നു.
'മൂന്ന് ദിവസം ഞങ്ങൾതരും. അതിന് മുമ്പ് പ്രതിഷേധക്കാരെ റോഡുകളിൽ നിന്ന് മാറ്റണം. അതിന് ശേഷം മറ്റു ന്യായങ്ങൾ പറഞ്ഞ് ഞങ്ങളുടെ മുന്നിലേക്ക് വരരുത്. ഞങ്ങളത് മുഖവിലക്കെടുക്കില്ല.' തുടർന്ന് കപിൽ മിശ്രയുടെ നേതൃത്വത്തിൽ മോജ്പൂരിൽ റാലി നടന്നു. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |