തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ എറണാകുളം കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരെ കുടുക്കുന്ന വിവരങ്ങൾ ലഭിച്ചായാണ് വിവരം. അതേസമം, സ്പെൻഷനിലായ എറണാകുളം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദിന്റെ സുഹൃത്തുകളും സംശയ നിഴലിലാണ്. ഇവരുടെ അക്കൗണ്ടുകൾ വഴി പണം തട്ടിയോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.കഴിഞ്ഞ പ്രളയകാലത്ത് പ്രളയ ഫണ്ടിൽ നിന്നും മറ്റൊരു സർക്കാർ ജീവനക്കാരന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ചട്ടവിരുദ്ധമായി മാറ്റിയതായി അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പരിഹാര നേരത്തെ സെൽ പിരിച്ചുവിട്ടു.
എന്നാൽ ഇതുസംബന്ധിച്ച് തുടർ നടപടി ഉണ്ടാവാതിരുന്നതാണ് ഈ സംഘം കൂടുതൽ വെട്ടിപ്പ് നടത്താൻ പ്രേരണയായത്
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സുഹൃത്തുക്കളുടെ പേരിലും, അടുത്ത ബന്ധമുള്ള കുടുംബത്തിന്റെ പേരിലും പണം നിക്ഷേപിച്ചുമായിരുന്നു തിരിമറി. സസ്പെൻഷനിലായ എറണാകുളം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ് സമാന രീതിയിൽ കൂടുതൽ ആളുകളെ ഉപയോഗിച്ച് പണം തട്ടിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിഷ്ണുവിന്റെ കുടുംബ സുഹൃത്തായ കാക്കനാട് കളക്ടറേറ്റിന് തെക്ക് വശത്ത് താമസിക്കുന്ന മഹേഷിന്റേയും ഭാര്യയുടെയും സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴി അഞ്ചുലക്ഷം രൂപ മാറിയെടുത്തതായി കണ്ടെത്തി. ഫണ്ട് തിരിമറി വിവാദമായതോടെ ഇവർ ഒളിവിൽപ്പോയി.സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിനെ ഇന്നലെ വൈകിട്ട് ചേർന്ന ലോക്കൽ കമ്മറ്റി പാർട്ടിയിൽ നിന്ന് പുറത്താക്കി. സെഷൻ ക്ലർക്ക് വിഷ്ണു പ്രസാദിനെതിരെ കളക്ടർ കമ്മിഷണർക്ക് പരാതി നൽകി.സംഭവത്തിൽ വിഷ്ണു പ്രസാദ് ,മഹേഷ്,അൻവർ എന്നിവരെ പ്രതിയാക്കി തൃക്കാക്കര പൊലീസും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54,000 രൂപ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. 2018 ആഗസ്റ്റ് മാസത്തിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട് നാശനഷ്ടം വന്നിട്ടുള്ള വീടുകൾക്ക് അർഹത അനുസരിച്ച് 10,000 , 60,000, 1,25,000 , 2,50,000 ലക്ഷം രൂപ ക്രമത്തിൽ സ്ളാബ് തിരിച്ചാണ് നഷ്ടപരിഹാരം നൽകിയത്. വീട് പൂർണമായി നഷ്ടമായവർക്ക് പരമാവധി നാലു ലക്ഷം രൂപ വരെയും നൽകിയിരുന്നു. എന്നാൽ, ഈ മാനദണ്ഡങ്ങൾ ലംഘിച്ച് കളക്ടറേറ്റിൽ നിന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിക്കാത്ത സി .പി .എംലോക്കൽ കമ്മറ്റി അംഗം അൻവറിന്റെ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് അഞ്ചു തവണകളായി 10,54,000 രൂപ നിക്ഷേപിച്ചു. ഇതിൽ ആദ്യമെത്തിയ അഞ്ചു ലക്ഷം രൂപ അന്നേ ദിവസം തന്നെ ഇയാൾ പിൻവലിച്ചു. രണ്ടാമതും അഞ്ചുലക്ഷത്തോളം രൂപ ട്രഷറിയിൽ നിന്നും വന്നപ്പോൾ അയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറി കളക്ടറെ വിവരം അറിയിക്കുകയായിരുന്നു. ബാങ്കിൽ നിന്നും പിൻവലിച്ച തുക അയാൾ കളക്ടറെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |