തൃശൂർ: കോയമ്പത്തൂർ അവിനാശി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷ്വറൻസ് തുകയുടെ ആദ്യഗഡു കൈമാറി. തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സീനിയർ ഡിവിഷണൽ മാനേജർ ഡോ. ബി. കൃഷ്ണപ്രസാദും കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസർ കെ.ടി. സെബിയും ചേർന്ന് തൃക്കൂർ സ്വദേശിയായ കിരൺകുമാറി(23)ന്റെ അമ്മ ബസമ്മയ്ക്ക് ചെക്ക് കൈമാറി.
മരിച്ച തൃശൂർ സ്വദേശികളായ മറ്റ് ആറ് പേരുടെ വീടുകളിൽ ഉദ്യോഗസ്ഥർ എത്തി കുടുംബാംഗങ്ങൾക്ക് ചെക്ക് വിതരണം ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ ഒരോ കുടുംബത്തിനും രണ്ടുലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. മറ്റു നടപടികൾ പൂർത്തീകരിച്ച് മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ബാക്കി തുക കൈമാറുമെന്ന് ഡിവിഷണൽ മാനേജർ പറഞ്ഞു. അമ്മ ബസമ്മ, കിരൺകുമാറിന്റെ അച്ഛന്റെ അനിയൻ, തൃക്കൂർ സ്വദേശി പ്രകാശ് എന്നിവരാണ് ചെക്ക് ഏറ്റുവാങ്ങിയത്. ജീവനക്കാർക്കും യാത്രക്കാർക്കുമായാണ് കെ.എസ്.ആർ.ടി.സി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്ന് പദ്ധതി ആരംഭിച്ചത്.
2015ൽ ജീവനക്കാർക്ക് മാത്രമായി ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി, 2017 ലാണ് യാത്രക്കാർക്കു കൂടി ഏർപ്പെടുത്തിയത്. കെ.എസ്.ആർ.ടി.സിയുടെ 14 രൂപയ്ക്കു മേലുള്ള ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ സെസ് ഈടാക്കിയാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. അവിനാശി അപകടത്തിൽ മരിച്ച 19 പേർക്കും തുക ഉടൻ കൈമാറുമെന്ന് ഡിവിഷണൽ മാനേജർ പറഞ്ഞു. മരിച്ച വ്യക്തിയുടെ ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരിലൊരാൾക്കാണ് തുക നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |