തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളും ബഡ്ജറ്റ് നിർദ്ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തനം അവലോകനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണമെന്നും ഇന്നലെ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, എല്ലാ റോഡുകളിലും ഇടവഴികളിലും എൽ.ഇ.ഡി വിളക്കുകൾ, റോഡുകൾ മികച്ച നിലയിൽ പുനർനിർമ്മിക്കൽ, സ്ത്രീകൾക്ക് വിശ്രമകേന്ദ്രങ്ങൾ, 12,000 ജോഡി ടോയ്‌ലെറ്റ്, സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണം, ഓരോ പഞ്ചായത്തിലും സഗരസഭയിലും ആയിരത്തിൽ 5 പേർക്ക് പുതിയ തൊഴിലവസരം തുടങ്ങിയ പരിപാടികൾ നടപ്പാക്കാനുള്ള നടപടികൾ മാർച്ചിൽ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയൽ തീർപ്പാക്കണം
ഫയൽ തീർപ്പാക്കലിന് പ്രത്യേക ശ്രദ്ധ നൽകണം. ഈ വർഷം അവസാനിക്കുമ്പോൾ ഫയൽ കുടിശ്ശിക ഉണ്ടാകരുത്. താലൂക്ക് തലത്തിൽ മാസത്തിലൊരിക്കൽ കളക്ടർമാർ അദാലത്ത് നടത്താൻ ആരംഭിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപകർക്ക് പ്രോത്സാഹന സഹായം (ഇൻസന്റിവ്) നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്ന വ്യവസായങ്ങൾക്ക് ഇൻസന്റീവ് ലഭിക്കും.
18,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 10 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡ് വേണമെന്ന നിബന്ധന 8 മീറ്ററായി ഇളവ് ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിശോധിക്കണം. സ്ത്രീകൾക്ക് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിനുള്ള നിരോധനം ഒഴിവാക്കും. രാത്രി ജോലിയെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം സ്ഥാപന ഉടമയ്ക്കായിരിക്കും. വ്യവസായത്തിന് എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കണം. കെട്ടിടനിർമ്മാണ ചട്ടങ്ങൾ പരിശോധിച്ച് കണ്ടെത്തുന്ന അപാകതകൾ താമസം കൂടാതെ പരിഹരിക്കണം. ഭൂമിയുടെ തരം മാറ്റലിന് കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |