സസ്പെൻഷൻ ലഭിച്ച കേരള എം.പിമാർ : ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ,ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ
ന്യൂഡൽഹി: ഡൽഹി കലാപത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ സ്പീക്കറുടെ മേശയിൽ നിന്ന് കടലാസെടുത്ത് കീറിയെറിഞ്ഞ നടപടിയിൽ , കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എം.പിമാരെ ഈ ബഡ്ജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്തു.
ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ,ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഗൗരവ് ഗോഗോയ്( അസം), മാണിക്കം ടാഗോർ(തമിഴ്‌നാട്),ഗുർജീത് സിംഗ് ഔജ്ല (പഞ്ചാബ്) എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരെ സസ്‌പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു..ഏപ്രിൽ മൂന്നു വരെ നീളുന്ന ബഡ്ജറ്റ് സമ്മേളനത്തിൽ ഈ എം.പിമാർക്ക് പങ്കെടുക്കാനാവില്ല. നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ ഇന്ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണയിരിക്കും. ഡൽഹി കലാപത്തിൽ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് അറിയിച്ചു. സ്പീക്കറുടെ മേശയിൽ നിന്ന് കടലാസ് തട്ടിയെടുത്തവരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്പീക്കർക്ക് പരാതി നൽകി.
ധാതു നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ മേശയിലെ കടലാസെടുത്ത് കീറി എറിഞ്ഞത്. പാനൽ സ്പീക്കർ രമാദേവിയായിരുന്നു ആ സമയത്ത് ചെയറിൽ. കഴിഞ്ഞദിവസം പരിധി വിട്ട പ്രതിഷേധത്തിന് സ്പീക്കർ ഓംബിർള എം.പിമാർക്ക് താക്കീത് നൽകിയിരുന്നു..ഡൽഹി കലാപത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രണ്ടു തവണ പിരിഞ്ഞശേഷം ഇന്നലെ മൂന്നു മണിക്ക് വീണ്ടും ലോക്‌സഭ ചേർന്നപ്പോഴാണ് കേന്ദ്രസർക്കാർ സസ്‌പെൻഷൻ പ്രമേയം കൊണ്ടുവന്നത്.സഭ നിയന്ത്രിച്ച പാനൽ സ്പീക്കർ ബി.ജെ.പിയിലെ മീനാക്ഷി ലേഖി ഏഴു എം.പിമാരെയും പേരെടുത്തു പരാമർശിച്ചു. ഇത് അച്ചടക്ക നടപടിയാണ്.
എം.പിമാർ സ്പീക്കറുടെ മേശപ്പുറത്ത് നിന്നു പേപ്പർ തട്ടിയെടുക്കുകയും വലിച്ചെറിയുകയും ചെയ്തത് പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. തുടർന്ന് ,ഇവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാർലമെൻററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. കോൺഗ്രസ് പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ പ്രമേയം ലോക്‌സഭ അംഗീകരിച്ചു. ഏഴുപേരോടും ഉടൻ സഭവിട്ട് പുറത്തുപോകാൻ പാനൽ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.തുടർച്ചയായി സഭാ നടപടികൾ പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിക്കുന്നതിനാൽ രണ്ടു ദിവസമായി സ്പീക്കർ ഓംബിർള ലോക്‌സഭയിലെത്തിയിരുന്നില്ല. ഡൽഹി കലാപം ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായ നാലാദിവസും പാർലമെൻറിൻറെ ഇരുസഭകളും സ്തംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |