ഹലോ വാവ സുരേഷ് ആണോ...''
ഈ ഒറ്റ ഫോൺ വിളിയിൽ ആള് പാഞ്ഞെത്തും.. ഏതു പാതിരാത്രിയാണെങ്കിലും ഏതുനാട്ടിൽ നിന്നാണെങ്കിലും. വാവയ്ക്ക് പാമ്പുപിടിത്തം സേവനം മാത്രമല്ല പുണ്യപ്രവർത്തി കൂടിയാണ്. പല ജീവനുകളെ രക്ഷിക്കാൻ കഴിയുന്നതിന്റെ ആശ്വാസവും സന്തോഷവുമാണ്. പാമ്പിനെ കാണുമ്പോൾ പേടിച്ച് വിളിക്കുന്ന മനുഷ്യർക്കും അവരുടെ ജീവനെടുക്കാതെ, ജീവിതം തിരികെ നൽകുന്ന പാമ്പുകൾക്കും വാവ ഒരുപോലെ പ്രിയങ്കരനാണ്. മറ്റുള്ളവരുടെ ജീവിതം സുരക്ഷിതമാക്കുമ്പോഴും വാവയുടെ ജീവന് പക്ഷേ ആ ഉറപ്പില്ല. പലവട്ടം രക്ഷാദൗത്യത്തിനിടയിൽ വാവയുടെ ജീവൻ മുൾമുനയിലായിട്ടുണ്ട്. അങ്ങനെയുള്ള വാർത്തകൾ പുറത്തു വരുമ്പോഴെല്ലാം വാവയ്ക്കു വേണ്ടി ഒരുപാട് മനസുകളിൽ നിന്നും പ്രാർത്ഥനകളുയരാറുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും വാവ പാമ്പുകടിയേറ്റ് ആശുപത്രിയിലായിരുന്നു. അന്നും വാവയ്ക്ക് വേണ്ടി പ്രാർത്ഥിക്കാത്ത മലയാളികളുണ്ടാകില്ല. ഉള്ളുരുകിയുള്ള ആ പ്രാർത്ഥനകൾ ഒടുവിൽ ഫലിച്ചു. ഒൻപത് ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ ഉഗ്രനൊരു മൂർഖനെ പിടിച്ചുകൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ബി. സുരേഷെന്ന പാമ്പ്, പരിസ്ഥിതിസ്‌നേഹിയായ വാവ സുരേഷ്.
396 കടികൾ; ഫെബ്രുവരി കഷ്ടകാലം
44 വയസിനിടയിൽ രാജവെമ്പാലകളടക്കം ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി നാട്ടുകാരെയും പാമ്പുകളെയും ഒരുപോലെ രക്ഷിച്ചിട്ടുള്ള വാവയ്ക്ക് ഫെബ്രുവരി മാസം എല്ലായ്‌പ്പോഴും കഷ്ടതകളുടേതാണ്. മാരകമായി പാമ്പുകടിയേറ്റതിന്റെ കണക്കെടുത്താൽ അതെല്ലാം ഫെബ്രുവരിയിലാണെന്നതാണ് ഏറെ യാദൃശ്ചികത. ഇത്തവണയും അതുതന്നെ സംഭവിച്ചു. ചെറുതും വലുതുമായ 396 സർപ്പദംശനങ്ങൾ പലപ്പോഴായി അദ്ദേഹത്തിന് ഏറ്റിട്ടുണ്ട്. ഇതിൽ 11 തവണ കാര്യങ്ങൾ കുറച്ച് ഗുരുതരമായി. എട്ടുതവണ കടിച്ചത് മൂർഖനാണ്. മൂന്നുപ്രാവശ്യം അണലിയും. 11 ആശുപത്രി വാസങ്ങളിൽ രണ്ടുപ്രാവശ്യം വെന്റിലേറ്ററിലായി. നാലുതവണ ഐ.സി.യുവിലും അഞ്ചുപ്രാവശ്യം വാർഡിലും കിടക്കേണ്ടിവന്നു. ഇക്കുറിയേറ്റ അണലിവിഷം ജീവന് തന്നെ ഭീഷണിയായി. ഫെബ്രുവരി 13ന് കോന്നിക്കടുത്ത് കലഞ്ഞൂർ കല്ലറയത്ത് കിണറ്റിൽ നിന്ന് അണലിയെ പിടിച്ചുകൊണ്ടുപോകുന്നതിനിടയാണ് വാവയുടെ വലതു കൈയിലെ നടുവിരലിൽ കടിയേറ്റത്. ചുറ്റിനും കൂടിയ ആൾക്കാർക്ക് വേണ്ടി പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്. വിഷത്തിന്റെ വീര്യം കൂടിയതുകൊണ്ട് ഇത്തവണ 40 ബോട്ടിൽ ആന്റിവെനമാണ് കുത്തി വയ്‌ക്കേണ്ടിവന്നത്.
183 രാജവെമ്പാലകൾ : ലോക റെക്കാഡ്
കടിയേറ്റാൽ നിമിഷങ്ങൾക്കകം ജീവനെടുക്കുന്ന വിഷമാണ് രാജവെമ്പാലയുടേത്. കടിയേൽക്കുന്ന ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ, ആന്റിവെനം നൽകാനോ മെനക്കെടേണ്ടി വരില്ല. അതിനുമുന്നേ തന്നെ ജീവൻ മറയും. മാത്രമല്ല, രാജവെമ്പാല വിഷത്തിന് ആന്റിവെനം ലഭ്യവുമല്ല. തായ്ലൻഡിൽ മാത്രമാണ് ഇതിനുള്ള ആന്റിവെനം ഉള്ളത്. അതുപക്ഷേ ആ നാട്ടിലെ രാജവെമ്പാല വിഷത്തിനുമാത്രം യോജിച്ചതാണ്. അതിവിടെ ഫലപ്രദമാകില്ലെന്ന് വാവ പറയുന്നു. 183 രാജവെമ്പാലകളെയാണ് വാവ ഇതുവരെ പിടികൂടിയത്. ആർക്കും നേടാനാവാത്ത ലോക റെക്കാഡ്. 45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കാഡാണ് വാവ തിരുത്തിക്കുറിച്ചത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ നിന്നായിരുന്നു ആദ്യ രാജ വെമ്പാലയെ വാവയ്ക്ക് കിട്ടുന്നത്. പിന്നീട് എണ്ണം കൂടി കൂടി ഇരുന്നൂറിനടുത്തെത്തി. മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയെ പിടിക്കുന്നത് താരതമ്യേന പ്രയാസം കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കൊല്ലം മാത്രം ഒൻപത് രാജവെമ്പാലകളെയാണ് വാവ പിടികൂടിയത്. എന്തുകൊണ്ട് ഇത്രയധികം രാജവെമ്പാലകളെന്നു ചോദിച്ചാൽ വ്യാപകമായി വനങ്ങൾ നശിപ്പിക്കുന്നതാണ് കാരണമെന്നാണ് വാവ പറയും. തീറ്റ തേടി കാടിറങ്ങുന്ന രാജവെമ്പാലകളുടെ എണ്ണം പണ്ടത്തേക്കാൾ കൂടുതലാണിപ്പോൾ.
കടിച്ചതത്രയും കുഞ്ഞൻ പാമ്പുകൾ
ഇതുവരെ കിട്ടിയ കടികളുടെ എണ്ണം നോക്കിയാൽ അത് നേരത്തെ പറഞ്ഞ 396ലും കൂടും. പാമ്പ് പിടിത്തം തുടങ്ങിയ കാലം മുതൽ ചെറിയ പാമ്പുകളിൽ നിന്ന് കിട്ടിയ കടികൾക്ക് കണക്കില്ല. കുഞ്ഞൻ പാമ്പുകളാണ് തുടരെ കടിക്കുന്നത്. ഇങ്ങനെ കടിയേറ്റതിന്റെ പാടുകളാണ് വലത് കൈപ്പുറം നിറയെ കറുത്ത് കാണുന്നത്. കടി ഏറ്റെന്നു കരുതി ചികിത്സയൊന്നും നടത്താറില്ല. പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത് സ്വയം ചികിത്സ നടത്താറുണ്ടെന്നാണ്. സത്യം അതല്ല. പലപ്പോഴായി കിട്ടിയ കടികളിലൂടെ ശരീരത്തിൽ വിഷാംശമുണ്ട്. അതുകൊണ്ട് ചെറിയ വിഷമൊന്നും ഏൽക്കില്ല. ചെറിയ പാമ്പുകൾ കടിച്ചാൽ ചികിത്സയുമില്ല. നേരത്തേ ഉള്ളിൽ കിടക്കുന്ന വിഷം ആന്റിബോഡിയാകുന്നതിനാൽ ആന്റിവെനം കുത്തിവച്ചാൽ ചിലപ്പോൾ ഏൽക്കില്ല. ഇത്തവണ 40 ബോട്ടിൽ ആന്റിവെനം കുത്തിവയ്‌ക്കേണ്ടിവന്നതും അതുകൊണ്ടാണ്. ഈ വിശാംഷം കരളിനും കിഡ്‌നിക്കുമൊക്കെ നാശമുണ്ടാക്കും.എത്ര നാൾ ഇങ്ങനെ പോകാൻ കഴിയുമെന്ന് അറിയില്ല.
പണം വാങ്ങില്ല,പാമ്പുപിടിത്തം ഫ്രീ
പാമ്പ് സംരക്ഷണവും പരിസ്ഥിതി പ്രവർത്തനവുമൊക്കെ സേവനമാണ്. അടുക്കളയിലോ വീട്ടുമുറ്റത്തോ കയറി പേടിപ്പിക്കുന്ന പാമ്പിനെ പിടികൂടി സഹായിക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെടുന്ന ആളിനോട് എങ്ങനെയാണ് പണം വാങ്ങുക? സഹായാഭ്യർത്ഥന നടത്തുന്നതിലേറെയും സ്ത്രീകളാണ്. കേട്ടാൽ ആ നിമിഷം തന്നെ സ്‌കൂട്ടറിലോ ആട്ടോയിലോ പാഞ്ഞെത്തി പാമ്പിനെ പിടികൂടി ഭീഷണി ഒഴിവാക്കും. അവരോടൊക്കെ ഒറ്റക്കാര്യമേ പറയാറുള്ളൂ, ഞാനെത്തുന്നതുവരെ ആ പാമ്പിനെ നിരീക്ഷിക്കണം. ചിലരൊക്കെ പാമ്പിനെ പിടിക്കാനായി ശ്രമിച്ച് ആളും ബഹളവും കൂടുമ്പോൾ പാമ്പ് അതിന്റെ വഴിക്ക് പോകും. പിന്നെ നമ്മളെത്തുമ്പോൾ അവിടെ കക്ഷി ഉണ്ടാകില്ല. ആരിൽ നിന്നും പ്രതിഫലം ചോദിച്ചു വാങ്ങില്ല. ആരെങ്കിലും എന്തെങ്കിലും തന്നാൽ സന്തോഷപൂർവം സ്വീകരിക്കും. വണ്ടി പിടിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നല്ലൊരു തുക അതിന് ചെലവാകാറുണ്ട്. ചിലപ്പോൾ കടംവാങ്ങിയാണ് പാമ്പുപിടിത്തത്തിന് പോകുന്നത്. വണ്ടിക്ക് പെട്രോളടിക്കാതെ പോകാൻ പറ്റില്ലല്ലോ. ഒരുപാട് കടമുണ്ട്, അത് കൂടി കൂടി വരികയാണ്. പാമ്പുപിടിത്തം നിറുത്തിയാലോ എന്നുപോലും ആലോചിക്കാറുണ്ട്. പക്ഷേ, ആരെങ്കിലും സഹായമഭ്യർത്ഥിച്ച് വിളിച്ചാൽ തനിക്ക് പറ്റില്ലെന്ന് പറയാൻ ആകില്ല. പാമ്പ് പിടിത്തമില്ലെങ്കിൽ പിന്നെ വാവ സുരേഷ് ഇല്ല. വാവ മദ്യപിക്കാറില്ല, അതേ പോലെ നോൺ വെജും കൈ കൊണ്ട് തൊടില്ല. പാമ്പുപിടുത്തത്തിൽ സത്യമുണ്ടെന്നാണ് വാവ വിശ്വസിക്കുന്നത്.
അവാർഡ് തുക ജീവകാരുണ്യത്തിന്
പതിനായിരത്തോളം അവാർഡുകൾ വാവയ്ക്ക് ഇതുവരെ കിട്ടിയിട്ടുണ്ട്. അതിൽ പണം കിട്ടിയതും അല്ലാത്തതുമുണ്ട്. കഴിഞ്ഞവർഷം അഞ്ചു ലക്ഷം രൂപ വരെ കിട്ടി. അവാർഡ് തുകയും ടി.വി പ്രോഗ്രാമിലൂടെ കിട്ടുന്ന തുകയും ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റിവയ്ക്കുകയാണ് ചെയ്യാറുള്ളത്. 2017ൽ ആർ.സി.സിയിലെ 60 കുട്ടികൾക്ക് അന്നദാനത്തിനുള്ള തുക നൽകി. 2018ലും 19ലും കുട്ടികൾക്കും മറ്റുരോഗികൾക്കുമുൾപ്പെടെ ഇത് രണ്ടായിരത്തോളം പേർക്ക് നൽകാൻ കഴിഞ്ഞു. ആര് സഹായം ആവശ്യപ്പെട്ടാലും കൊടുക്കാറുണ്ട്. കുട്ടികൾക്ക് മരുന്ന് വാങ്ങാനുള്ള തുകയും പഠനോപകരണങ്ങളുമൊക്കെ നൽകാറുണ്ട്. ഒരു കുട്ടിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 80 ലക്ഷം രൂപ സമാഹരിച്ചു. ഫേസ്ബുക്കിലൂടെയാണത് സാദ്ധ്യമാക്കിയത്. നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം ചെയ്യുന്നുണ്ട്. വനവാസികൾക്ക് ഓണപ്പുടവയും കിറ്റും പതിവായി നൽകാറുണ്ട്. അവർക്ക് പാചകത്തിന് ആവശ്യമായ പാത്രങ്ങളും എത്തിച്ചു. വട്ടപ്പാറ, കുര്യാത്തി എന്നിവിടങ്ങളിലെ അനാഥാലയങ്ങളെ കഴിയുന്ന വിധത്തിെലല്ലാം സഹായിക്കുന്നു. ചെറുവയ്ക്കൽ കരിപ്രത്തലയിൽ ഒരു അനാഥയുടെ ദുരിതജീവിതം കണ്ട് മനസ് വേദനിച്ചപ്പോൾ അവർക്ക് ഒരു ചെറിയ വീട് വച്ചുകൊടുത്തു. 2.65 ലക്ഷം രൂപയായി. മൂന്ന് പേർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തികസഹായം നൽകി. കഴിയുന്നകാലത്തോളം ഈ സഹായങ്ങൾ തുടരണമെന്നാണ് ആഗ്രഹം. ഇതൊക്കെയാണ് വാവസുരേഷിന്റെ ആരും അറിയാത്ത ജീവിതകഥ.
ഇന്നും ഓലപ്പുരയിലാണ്
ശ്രീകാര്യം ലയോള കോളേജിനടുത്തുള്ള വാവയുടെ ഓലപ്പുര നിറയെ അവാർഡുകളും ഉപഹാരങ്ങളും കൊണ്ടുനിറഞ്ഞിരിക്കുകയാണ്. ചിലത് തറയിൽ വച്ചിരിക്കുന്നു. കേന്ദ്ര മന്ത്രി മേനകഗാന്ധി സമ്മാനിച്ച മാധവൻപിള്ള ഫൗണ്ടേഷൻ അവാർഡ് അതിൽ പ്രധാനം. ലയൺസ് ക്ളബ്, ലോട്ടറി ക്ളബ് അവാർഡുകൾ, മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള മണപ്പുറം അവാർഡ് എന്നിവ നേടി. കഴിഞ്ഞവർഷം ലോകത്തെ 200 പ്രമുഖ പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരുടെ പട്ടികയിൽ എത്തിയത് ഒരു നേട്ടമാണ്. ഒരു വൈൽഡ് ലൈഫ് സംഘടനയാണ് സെലക്ഷൻ നടത്തിയത്. പാമ്പ് ഉൾപ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കുന്നത് കണക്കിലെടുത്താണിത്. ഇന്ത്യയിൽ നിന്ന് രണ്ടുപേരെയാണ് ആകെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഇംഗ്ളണ്ടിലെ ഒരു യൂണിവേഴ്സിറ്റി വാവയ്ക്ക് ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30 നായിരുന്നു അത്. പക്ഷേ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതൊരു നഷ്ടമായി മനസിലുണ്ട്.
550 എപ്പിസോഡ് പിന്നിട്ട'സ്‌നേക് മാസ്റ്റർ'
വിഷപാമ്പുകളെക്കുറിച്ചും പാമ്പു കടിയെപ്പറ്റിയും ബോധവത്കരണം നടത്തി വാവാസുരേഷ് അവതരിപ്പിക്കുന്ന കൗമുദി ചാനലിലെ 'സ്‌നേക്ക് മാസ്റ്റർ' പരമ്പര സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ആഴ്ചയിൽ രണ്ടുദിവസം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി 550 എപ്പിസോഡ് പിന്നിട്ട് ചരിത്ര വിജയം നേടി. ആറുവർഷം മുമ്പ് ആരംഭിച്ച സ്‌നേക്ക് മാസ്റ്ററിന് യൂട്യൂബിലും കാഴ്ചക്കാർ ഏറെയാണ്. പാമ്പുകൾക്ക് പുറമേ മറ്റു ജീവികളെയും ഈ പരിപാടിയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇതുപോലെ സാഹസികത നിറഞ്ഞ പരിപാടി മറ്റു മലയാളം ചാനലുകളിലെങ്ങുമില്ല എന്നത് ജനപ്രിയത കൂട്ടുന്നു.
തേരുവിള വീടൊരു മൃഗശാല
വാവയുടെ ഓലപ്പുരയെ ഒരു മിനി മൃഗശാലയായിട്ട് വിശേഷിപ്പിക്കാം. രണ്ട് പശുക്കൾ, ഒരു കാളക്കുട്ടി, പത്ത് പൂച്ചകൾ, നാല് നായ്ക്കൾ, എട്ട് കോഴി, ചിറകറ്റ ഒരു പരുന്ത്, ഒരു മുയൽ ഇവയെല്ലാം വാവയുടെ തണലിൽ സുഖമായി ഇവിടെ കഴിയുന്നു. മുറ്റത്തെ ചെറു മരം നിറയെ പക്ഷികളും പ്രാണികളുമാണ്. ഇവരും ഭൂമിയുടെ അവകാശികളാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക കൂടിയാണ് വാവ എന്ന പരിസ്ഥിതി സ്നേഹി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |