ദുരന്തകാലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനങ്ങൾ ഓരോ കേരളനീയനും വളരെയേറെ ആശ്വാസം പകരുന്നതാണെന്ന് മുരളി തുമ്മാരുകുടി. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനെന്ന നിലയിൽ ഇത് തന്നെയും ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് തുമ്മാരുകുടി പറയുന്നു.
'വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്. വേണ്ടത്ര നോട്ടുകൾ കൈയിലുണ്ട്. എല്ലാ വിശദാംശങ്ങളും കൃത്യമായി നിർത്തി നിർത്തി പറയുന്നു. അതിന് ശേഷം പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നു. കേരളത്തിലെ ആളുകൾക്ക് എത്രമാത്രം ആത്മവിശ്വാസമാണ് ഇത് നൽകുന്നതെന്ന് രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്ന കാലത്ത് നമുക്ക് മനസ്സിലായി എന്ന് വരില്ല. മറ്റാരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടതില്ല, കാരണം ഇതൊരു മത്സരമല്ല. പല തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന വെല്ലുവിളിയെ ഒരു ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേർക്കാഴ്ച മാത്രമാണ്'-ഫേസ്ബുക്കിൽ തുമ്മാരുകുടി കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ...
ഓരോ ദുരന്തങ്ങളുടെ കാലത്തും നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കാണുന്നത് ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനെന്ന നിലയിൽ ഇത് എന്നെ ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നു.
വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്. വേണ്ടത്ര നോട്ടുകൾ കൈയിലുണ്ട്. എല്ലാ വിശദാംശങ്ങളും കൃത്യമായി നിർത്തി നിർത്തി പറയുന്നു. അതിന് ശേഷം പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നു. കേരളത്തിലെ ആളുകൾക്ക് എത്രമാത്രം ആത്മവിശ്വാസമാണ് ഇത് നൽകുന്നതെന്ന് രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്ന കാലത്ത് നമുക്ക് മനസ്സിലായി എന്ന് വരില്ല. മറ്റാരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടതില്ല, കാരണം ഇതൊരു മത്സരമല്ല. പല തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന വെല്ലുവിളിയെ ഒരു ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേർക്കാഴ്ച മാത്രമാണ്.
ഇന്നത്തെ പത്ര സമ്മേളനം നോക്കൂ. ലോക്ക് ഡൌൺ ഉണ്ടായിക്കഴിഞ്ഞാൽ ആളുകളുടെ മുൻഗണന വേഗത്തിൽ മാറുമെന്നും അത് 'ഭക്ഷണം, ആരോഗ്യം, കുടുംബം' എന്ന മൂന്നു കാര്യങ്ങളിലേക്ക് ചുരുങ്ങുമെന്നും ഇറ്റലിയിൽ നിന്ന് വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നല്ലോ. ഇന്നത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം അഞ്ചു പ്രാവശ്യം എടുത്തെടുത്തു പറഞ്ഞത് 'ഈ കൊറോണക്കാലത്ത് കേരളത്തിൽ ഒരു കുടുംബം പോലും പട്ടിണി കിടക്കാൻ പാടില്ല' എന്നാണ്. ഇക്കാര്യം വെറുതെ മുദ്രാവാക്യമായി പറഞ്ഞപോവുകയല്ല, മറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങുന്നു, വാർഡ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, സന്നദ്ധപ്രവർത്തകരും ഒത്തചേർന്ന് സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്തവരെ കണ്ടെത്തുന്നു, ഭക്ഷണം എത്തിക്കുന്നു.
ഭക്ഷണം പാചകം ചെയ്യാൻ കഴിവുള്ളവർക്ക് ആവശ്യത്തിന് അരിയും പലവ്യഞ്ജനവും നൽകുന്നു. എഫ് സി ഐ യിൽ എട്ടു മാസത്തേക്കുള്ള അരിയുടെ ശേഖരം ഉണ്ടെന്ന് ഉറപ്പു പറയുന്നു. ഇതപോലെ കൃത്യമായിട്ടാണ് മറ്റൊരോ കാര്യങ്ങളും പറയുന്നത്. അതിന് ശേഷം ആരോഗ്യ രംഗത്തെ തയ്യാറെടുപ്പുകളെ പറ്റിയും വിശദമായി പറഞ്ഞു. പല തരത്തിൽ ആശങ്കയുള്ളവർക്കെല്ലാം മറുപടി കിട്ടുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.
കൊറോണയുമായി ഇപ്പോൾ പ്രധാനമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്ന യൂറോപ്പിലെ രാജ്യങ്ങളെ വെച്ച് നോക്കമ്പോൾ വളരെ പരിമിതമായ വിഭവങ്ങൾ മാത്രമുള്ള ഒരു സംസ്ഥാനമാണ് കേരളം. പോരാത്തതിന് നാം ഒരു രാജ്യത്തെ സംസ്ഥാനവുമാണ്, അതിന്റെ പരിമിതികൾ വേറെയുമുണ്ട്. കൊറോണയുടെ പ്രധാന യുദ്ധരംഗം യൂറോപ്പിൽ നിന്നും മാറി നമ്മുടെ നേരെ വരാൻ പോവുകയാണ്. ഈ വെല്ലുവിളിയെ കേരളം അതിജീവിച്ചാൽ (അതായത് നമ്മുടെ ആരോഗ്യരംഗത്തിന്റെ പരിമിതിക്കുള്ളിൽ മൊത്തം കേസുകൾ പിടിച്ചു കെട്ടിയാൽ) അത് ഒരു അത്ഭുതമായിരിക്കും, മറ്റുളളവർക്ക് മാതൃകയും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ അതിന് മൂന്ന് കാരണങ്ങൾ മാത്രമേ ഉണ്ടാകൂ.
1. ഈ വെല്ലുവിളിയെ മുന്നിൽ നിന്നു നയിക്കുന്ന സർക്കാർ.
2. പരിമിതികൾക്കുള്ളിലും അത്യധ്വാനം ചെയ്യുന്ന ആരോഗ്യരംഗത്തെ പ്രവർത്തകർ.
3. സ്വയം അറിഞ്ഞും സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും പരമാവധി മുൻകരുതലുകൾ എടുക്കുന്ന നമ്മുടെ ജനത.
സർക്കാർ മുന്നിൽ തന്നെ നിന്ന് ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകൾ ആളും അർത്ഥവും നൽകി സർക്കാറിനോടൊപ്പം നിൽക്കുന്നു. അതിനിടെ ഒരു ചെറിയ ന്യൂനപക്ഷം ശുദ്ധമണ്ടത്തരവുമായി നടക്കുന്നു. ഒന്ന് രണ്ടു ദിവസത്തിനകം അവർക്കൊക്കെ കിട്ടേണ്ടത് കിട്ടും, അപ്പോൾ തോന്നേണ്ടത് തോന്നുകയും ചെയ്യും.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത്രമാത്രം പത്രപ്രവർത്തകരുടെ മധ്യത്തിൽ എല്ലാ ദിവസവും വന്നിരിക്കുന്നത് വാസ്തവത്തിൽ ആരോഗ്യകരമല്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. നാളെ മുതൽ നേരിട്ടുള്ള പത്ര സമ്മേളനം മാറ്റിവെച്ചു എന്ന് അദ്ദേഹം ഇന്ന് പറഞ്ഞു. ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ഈ യുദ്ധം നടക്കമ്പോൾ അതിന് നേതൃത്വം നൽകുന്നവർ ആരോഗ്യത്തോടെ മുന്നിലുണ്ടാകേണ്ടത് അവരുടെ വ്യക്തിപരമായ സുരക്ഷക്ക് മാത്രമല്ല, മുൻനിരയിൽ ജോലി ചെയ്യുന്നവരുടെയും പൊതുജനങ്ങളടേയും ആത്മവിശ്വാസം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.
സുരക്ഷിതരായിരിക്കുക!'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |