അമ്മായിയച്ഛൻ പ്രധാനമന്ത്രി - ഭാര്യ പ്രധാനമന്ത്രി മകനും പ്രധാനമന്ത്രി - മരുമകൾ കേന്ദ്രമന്ത്രിയും
ഇങ്ങനെയൊരു വിശേഷണത്തിനുടമയായ ഒരാൾ മാത്രമാണ് ലോകത്തുള്ളത്. അത് രാഷ്ട്രീയ സംശുദ്ധിയുടെ പ്രതീകമായിരുന്ന സാക്ഷാൽ ഫിറോസ് ഗാന്ധിയല്ലാതെ മറ്റാരുമല്ല. പാവങ്ങളുടെ പടത്തലവൻ.
1912 ആഗസ്റ്റ് 12ന് ബോംബെയിലായിരുന്നു ജനനം. പിതാവ് മറൈൻ എൻജിനിയറായിരുന്ന ജഹാംഗീർ ഫരേദാൻ ഗാണ്ടിയും മാതാവ് രതീമായിയും. പഴയ മെസപ്പെട്ടോമിയയിൽ (ഇപ്പോഴത്തെ ഇറാക്ക്) ഇന്ത്യയിലേക്ക് കുടിയേറുവാൻ നിർബന്ധിതരായ പാർസി വിഭാഗത്തിൽ പെട്ടവരാണ് അച്ഛനുമമ്മയും. അലഹബാദിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഗാന്ധിജിയും നെഹ്റുവുമായുള്ള അടുപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുവാനിടയാക്കി. 1930-ൽ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ആ വർഷം തന്നെ ലാൽബഹദൂർ ശാസ്ത്രിയോടൊപ്പം അറസ്റ്റുവരിച്ച് ജയിലിലടക്കപ്പെട്ടു. അതിനുശേഷം ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്നും ബിരുദം നേടി. ഇന്നർ ടെംബിളിൽ....... ചേർന്നെങ്കിലും നിയമ ബിരുദം നേടാനായില്ല. ഇതിനിടയിൽ തന്നെ ജവഹർലാൽ നെഹ്റുവിന്റെ കുടുംബവുമായി വലിയ സൗഹൃദത്തിലായി. കമലാ നെഹ്റുവിന് ഫിറോസ് മകനെപ്പോലെ.
ജർമ്മനിയിലെ ഷോർവാൾഡ് ബോഡൺ വീലർ സാനിട്ടോറിയത്തിൽ പണ്ഡിറ്റ് നെഹ്റുവിന്റെ പത്നി കമലാ നെഹ്റു സുഖമില്ലാതെ കിടപ്പിലായി. മഹാത്മജിയുടെ കത്ത് ലഭിച്ചതനുസരിച്ച്, ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്നും അവധിയെടുത്ത്, കുടുംബ സുഹൃത്തായ ഫിറോസ് കമലയെ ശുശ്രൂഷിക്കാനെത്തി ഇന്ദിരയെ സഹായിച്ചു. സ്വാഭാവികമായി ഇന്ദിരയ്ക്കും ഫിറോസിനുമിടയിൽ സൗഹൃദം തളിർത്തു. ക്രമേണ അത് പ്രേമബന്ധമായി വളർന്നു. 1936 ഫെബ്രുവരി 28ന് കമല അന്തരിച്ചു. ഇതിനിടെ മഹാത്മജിയോടുള്ള ആദരവുമൂലം ഫിറോസിന്റെ 'ഗാണ്ടി" യെന്ന കുടുംബപ്പേരുപേക്ഷിച്ച് ഫിറോസ് ഗാന്ധിയെന്ന പേര് സ്വീകരിച്ചിരുന്നു.
1932ലും 33ലും നെഹ്റുവിനൊപ്പം സമരത്തിൽ പങ്കെടുത്ത് രണ്ടുതവണ ജയിലിലടക്കപ്പെട്ടിരുന്നു. അതോടെ രാഷ്ട്രീയ രംഗത്ത് ഫിറോസ് ഗാന്ധി ഏവരാലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇന്ദിര - ഫിറോസ് ബന്ധത്തിന് എതിർപ്പുകൾ വളരെ ശക്തമായിരുന്നു. എങ്കിലും വിവാഹിതരാവാൻ പോകുന്നവരാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന നെഹ്റുവിന്റെ പ്രസ്താവന എതിർപ്പുകാരെ നിശബ്ദരാക്കി. 1942 മാർച്ച് 26ന് ജോത്സ്യൻ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ, കാശ്മീർ പണ്ഡിറ്റിന്റെ പിൻഗാമിയായ ഇന്ദിരാപ്രിയദർശിനി നെഹ്റുവും പാർസി വിഭാഗത്തിലെ ഫിറോസ് ഗാന്ധിയും വിവാഹിതരായി. മധുവിധുവിനായി ആ ദമ്പതികൾ ആദ്യം കാശ്മീരിലേക്കാണ് പോയത്. തുടർന്ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭണമാരംഭിച്ചു. ദമ്പതികളുൾപ്പെടെ നെഹ്റു കുടുംബം മുഴുവൻ ജയിലിലടക്കപ്പെട്ടു. 1945-ൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിന്റെ എം.ഡി ആയി. ഫിറോസും കുടുംബവും ലക്നൗവിൽ താമസവും തുടങ്ങി. ഇതിനിടയിൽ 1944ലും 46ലുമായി ഫിറോസ് - ഇന്ദിര ദമ്പതികൾക്ക് രണ്ട് പുത്രന്മാരുണ്ടായി. രാജീവും സഞ്ജീവും.....
അധികം വൈകാതെ ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1952 മുതൽ ഫിറോസ് ഗാന്ധി ലോക്സഭ അംഗവുമായിരുന്നു. അന്നദ്ദേഹം പാവങ്ങളുടെയും നിരാലംബരുടെയം പട
ത്തലവനായാണ് പ്രവർത്തിച്ചിരുന്നത്. അഴിമതിക്കാരേയും കൊള്ളക്കാരേയും അന്നദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. ഏതു തിരക്കിനിടയിലും, ഫിറോസ് ഗാന്ധിയുടെ ലോക്സഭാ പ്രസംഗങ്ങൾ, സഭയിലിരുന്ന് പണ്ഡിറ്റ് ജി ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ, താൻ പോലും കേട്ടിട്ടില്ലാത്ത അഴിമതിക്കഥകൾ ഞെട്ടലോടെയാണ് നെഹ്റു കേട്ടിരുന്നത്. ഒരർത്ഥത്തിൽ അമ്മായിയപ്പന്റെ ഒരു തിരുത്തൽ ശക്തിതന്നെയായിരുന്നു ഫിറോസ് ഗാന്ധിയെന്ന് വേണമെങ്കിൽ പറയാം. സ്വജീവിതത്തിൽ ഫിറോസ്ഗാന്ധി ഒരു സാമ്പത്തിക കുറ്റവാളിയേ ആയിരുന്നില്ല. നെഹ്റു കുടുംബത്തിലെ തികച്ചും വ്യക്തിത്വമുള്ള മരുമകനായിരുന്നു ഫിറോസ് ഗാന്ധി.
ഫിറോസിന്റെ ഒരു ബന്ധു (കസിൻ) പദംസ്കവീന എന്നയാൾ 1944-ൽ തൃശൂർ സീതാറാം മിൽസിലെ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ 72 വയസിലധികം പ്രായമുള്ള രണ്ട് പെൺമക്കൾ - രനികവീനയും, തൻകവീനയും ഇപ്പോൾ തൃശൂർ കണിമംഗലത്തെ വൃദ്ധസദനത്തിൽ മറ്റ് അന്തേവാസികൾക്കൊപ്പം കഴിയുകയാണ്. അവരിപ്പോഴും ഫിറോസ് ഗാന്ധിയുടെ ഓർമ്മയുടെ തിളക്കത്തിലാണ്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ 1960 സെപ്തംബർ 8-ാം തീയതി, രണ്ടാമതുണ്ടായ ഹൃദയസ്തംഭനം മൂലമാണ് അന്തരിച്ചത്. അലഹബാദിലെ പാർസി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. അതിനുശേഷം ഭാര്യ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. അവർ വധിക്കപ്പെട്ട ശേഷം മകൻ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി. ഇതിനിടയിൽ മറ്റൊരു മകൻ സഞ്ജയ് ഗാന്ധി വിമാന അപകടത്തിൽ മരിച്ചിരുന്നു. പിന്നീട് സഞ്ജീവിന്റെ ഭാര്യ മനേകഗാന്ധി കേന്ദ്രമന്തിയായി. 2020 മാർച്ച് 26 ഫിറോസ് - ഇന്ദിര ദമ്പതികളുടെ 78-ാം വിവാഹ വാർഷികം. ആ മഹത്തുക്കളുടെ പാവനസ്മരണയ്ക്കു മുന്നിൽ നമ്രശിരസ്കനാകുന്നു.
(എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |