കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പറവൂർ കൈതാരം സ്വദേശി വാസുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് 36 വയസ്സായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് വാസു ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
മുൻപ് ഇതേ കാരണത്താൽ തൃശൂർ കുന്നംകുളം സ്വദേശിയായ സനോജ് എന്നയാളും മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. സംസ്ഥാനത്തെ മദ്യശാലകൾ പൂർണമായി അടച്ചതോടെ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ ഉപദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനായി താൻ എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
മദ്യാസക്തിയുള്ളവർ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യശാലകൾ അടച്ചതോടെ നിരവധി പേർ സംസ്ഥാനത്ത് ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |