ന്യൂഡൽഹി: കൊറോണ രോഗബാധ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി വെളിപ്പെടുത്തൽ. കൊറോണ വൈറസ് ബാധ മൂന്നാം സ്‌റ്റേജിലേക്ക് പ്രവേശിച്ചെന്നും, സാമൂഹിക വ്യാപന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നുമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ സാമൂഹിക വ്യാപനത്തിന്റെ പ്രാരംഭ സൂചനകൾ ലഭിച്ചിട്ടുണ്ട്. വിദേശയാത്ര ചെയ്യുകയോ, ഇത്തരക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത മൂന്നുപേരുടെ രോഗബാധ ഇതാണ് സൂചിപ്പിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനയും, രോഗത്തിന്റെ സ്വഭാവവും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞു എന്നത് വെളിപ്പെടുത്തുന്നുവെന്ന് പകർച്ചവ്യാധി രംഗത്തെ ഗവേഷകർ അഭിപ്രായപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വൈറസ് സാന്ദ്രത ഏറിയ പ്രദേശത്തുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സാമൂഹിക വ്യാപനം തടയാൻ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് സൂചനകളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ച രാജ്യത്ത് 180 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇത് ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം ഐ.സി.എം.ആറിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എത്രപേർക്കാണ് ഇങ്ങനെ രോഗബാധ ഉണ്ടായതെന്ന് വ്യക്തമാക്കിയില്ല. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ഓർമ്മക്കുറവ് ഇക്കാര്യത്തിൽ വെല്ലുവിളിയാണെന്നാണ് ഇദ്ദേഹം സൂചിപ്പിച്ചത്. സാമൂഹിക വ്യാപനം കണ്ടെത്താൻ ശ്വാസകേശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ വരുന്ന എല്ലാവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |