ബ്രിട്ടനിൽ സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിന് കൊറോണ സ്ഥിരീകരിച്ചു
ന്യൂയോർക്ക്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് സംഹാര താണ്ഡവം തുടരുന്നു. ലോകത്താകെ കൊറോണ മരണം 32,000 കവിഞ്ഞു.
ഏഴരലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണം തുടരുകയാണ്. സ്‌പെയിനിൽ 7000ത്തോളം പേർ മരിച്ചു. 24 മണിക്കൂറിനിടെ 832 പേർക്ക് ജീവൻ നഷ്ടമായി. രോഗികൾ 80,000 കവിഞ്ഞു.
ഇറ്റലിയിൽ മരണം പതിനൊന്നായിരമായി. രോഗികൾ ഒരുലക്ഷത്തോടടുക്കുന്നു. മരണൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇറ്റലി.
അമേരിക്ക, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ സ്ഥിതി അനുദിനം ഗുരുതരമാകുകയാണ്.
അമേരിക്കയിൽ രോഗികൾ ഒന്നേകാൽ ലക്ഷം കടന്നു.
ഇന്നലെ മാത്രം 1900 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 2300 ആയി.
ദേശീയ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള രാജ്യത്ത് 12 സംസ്ഥാനങ്ങൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. 100 ദിവസത്തിനകം ഒരു ലക്ഷം വെന്റിലേറ്റർ നിർമിക്കുമെന്നും സുഹൃദ് രാജ്യങ്ങൾക്കു നൽകാൻ തയാറാണെന്നും ട്രംപ് പറഞ്ഞു.
കൊറോണ പ്രതിസന്ധി നേരിടാൻ അമേരിക്കയിൽ 2 ലക്ഷം കോടി ഡോളറിന്റെസാമ്പത്തിക പദ്ധതി നിലവിൽ വന്നു. 36 ലക്ഷം പേരാണ് ധനസഹായത്തിന് അപേക്ഷിച്ചത്. പദ്ധതി പ്രകാരം നാലംഗ അമേരിക്കൻ കുടുംബത്തിന് 3400 ഡോളർ (രണ്ടര ലക്ഷത്തിലേറെ രൂപ) ലഭിക്കും.
ന്യൂയോർക്കിലുള്ളവർക്ക് അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശനവിലക്ക്.
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലും കൊറോണ രൂക്ഷമായി.431 പേർ മരിച്ചു.
ഇറാനിൽ മരണം 2700.
ആഫ്രിക്കൻ രാജ്യങ്ങളിലും കൊറോണ പടരുകയാണ്.
ദക്ഷിണാഫ്രിക്കയിൽ 1155 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി.
ആസ്ട്രേലിയയിൽ ഐസലേഷനിലായിരുന്ന ഹോളിവുഡ് താരം ടോം ഹാങ്ക്സും ഭാര്യ റിതാ വിൽസനും ലോസാഞ്ചലസിൽ തിരിച്ചെത്തി.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറുടെ കൊറോണ ഭേദമായി
ശ്രീലങ്കയിൽ ആദ്യ കൊറോണ മരണം. ചെന്നൈയിൽ നിന്നെത്തിയ 65കാരനാണ് മരിച്ചത്. ചെന്നൈയെ ഹൈ റിസ്ക് സോണായി പ്രഖ്യാപിക്കുമെന്ന് ശ്രീലങ്ക.
പാകിസ്ഥാനിൽ കൂടുതൽ രോഗികൾ പഞ്ചാബ് പ്രവിശ്യയിൽ. ആകെ രോഗികൾ 1400
ചൈനയിൽ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരം തുറന്നു. പാസഞ്ചർ ട്രെയിനുകൾ ഓടി. കടകൾ തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |