കേപ്ടൗൺ: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊറോണ മരണം 134 ആയി. 4,282 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 302 പേരുടെ രോഗം ഭേദമായി. 46 ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചു. 8 രാജ്യങ്ങളിൽ ഇതേവരെ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും ആരാധനാലയങ്ങൾ പലതും അടച്ചു. എതോപ്യയിൽ ആരാധനാലയങ്ങൾ അടച്ചെങ്കിലും വിലക്കുകൾ ലംഘിച്ച് വിശ്വാസികൾ ഒത്തുകൂടുന്നത് ആശങ്കകൾക്കിടയാക്കുന്നു. 19 പേർക്ക് എത്യോപ്യയിൽ രോഗം സ്ഥിരീകരിച്ചു. ലോക്ക്ഡൗണിൽ തുടരുന്ന ദക്ഷിണാഫ്രിക്കയിൽ 1,187 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു മരണം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു. സൈന്യമാണ് ദക്ഷിണാഫ്രിക്കയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിലുള്ളത്.
സിംബാവെയും ഘാനയുമാണ് പുതുതായി ലോക്ക്ഡൗണിനൊരുങ്ങുന്ന ആഫ്രിക്കൻ രാജ്യങ്ങൾ. കഴിഞ്ഞ തിങ്കളാഴ്ച സിംബാവെയിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു രോഗി മരിച്ചതോടു കൂടി 21 ദിവസത്തെ ലോക്ക്ഡൗണിന് സിംബാവെ ഗവൺമെന്റ് ഉത്തരവിട്ടു. അതേസമയം, ഘാനയിൽ ജനത്തിരക്ക് കൂടിയ നഗരങ്ങളായ അക്ര, കൂമാസി എന്നിവിടങ്ങൾ 14 ദിവസത്തേക്ക് അടച്ചു. 5 പേർ ഘാനയിൽ കൊറോണ ബാധിച്ച് മരിച്ചു. 141 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് ഭൂഖണ്ഡങ്ങളിൽ കനത്ത നാശം വിതയ്ക്കുമ്പോഴും ആഫ്രിക്കയിൽ കൊറോണ ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. തുടക്കത്തിൽ തന്നെ ആഫ്രിക്കൻ രാജ്യങ്ങൾ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |