കണ്ണൂർ: കാസർകോട് പെരിയയിലെ എൻഡോസൾഫാൻ രോഗിയായ പതിമ്മൂന്നുകാരന്റെ അമ്മയുടെ ഹൃദ്രോഗത്തിനുള്ള മരുന്ന് തീർന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രം. മരുന്ന് കഴിച്ചില്ലെങ്കിൽ അമ്മയുടെ സ്ഥിതി വഷളാകും. മംഗളൂരുവിലേക്കുള്ള വഴി കർണാടക അടച്ചിട്ടിരിക്കുന്നു. ശ്രീചിത്രയിലെ ചികിത്സയായതുകൊണ്ട് മരുന്ന് തിരുവനന്തപുരത്ത് ലഭ്യമാണ്. വീട്ടുകാർ ജനമൈത്രി പൊലീസിനെ ശരണം പ്രാപിച്ചു.
പൊലീസ് ഞായറാഴ്ച ആ ദൗത്യം ഏറ്റെടുത്തു. വിവരം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ ധരിപ്പിച്ചു. വാട്ട്സാപ്പ് വഴി മരുന്ന് ശീട്ട് തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് കിട്ടി. 542 കിലോമീറ്റർ അകലെയുള്ള രോഗിക്ക് മരുന്ന് എങ്ങനെ എത്തിക്കും? പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ ബന്ധപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖരനും ഇടപെട്ടു. കൂടിയാലോചനയ്ക്കുശേഷം ഹൈവേ പൊലീസ് ഒരു റിലേ ഓട്ടത്തിന് തയ്യാറായി. ഓരോ ജീപ്പും ഓടേണ്ട പരിധി നിശ്ചയിച്ച് എട്ടു ജില്ലകൾ കടന്നുപോകാൻ 19 ജീപ്പുകൾ സജ്ജമാക്കി.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്തുനിന്ന് ആദ്യജീപ്പ് ചീറിപ്പാഞ്ഞു. ആറ്റിങ്ങൽ മേഖലയിൽവച്ച് അടുത്ത വാഹനത്തിന് കൈമാറി. അതിർത്തിയായ പാരിപ്പള്ളിയിൽ കൊല്ലം ഹൈവേ പൊലീസ് ഏറ്റുവാങ്ങി. കാസർകോട് അതിർത്തിയായ കാലിക്കടവിൽ കണ്ണൂർ ഹൈവേ പൊലീസ് മരുന്ന് എത്തിക്കുമ്പോൾ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ചര. അവിടെനിന്ന് പെരിയയിലേക്ക് നാല്പതു കിലോമീറ്റർ. കാസർകോട് ഹൈവേ പൊലീസ് മരുന്നുമായി നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക്. അവിടെനിന്നാണ് മരുന്ന് വീട്ടിലെത്തിച്ചത്.
കണ്ണും കാതുമായി
30000 പൊലീസുകാർ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ കണ്ണും കാതുമായി മാറിയ
മുപ്പതിനായിരത്തോളം പൊലീസുകാരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. കൊറോണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ തങ്ങൾക്കും വേണമെന്നാണ് പൊലീസുകാർ പറയുന്നത്. ആരോഗ്യ പ്രവർത്തകരെപ്പോലെ ജനങ്ങളുമായി ഇടപഴകേണ്ടിവരുന്നവരാണ് പൊലീസുകാർ.
ഇന്നലെ ലോക്ക് ഡൗണിൽ കുരുങ്ങിയ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ പൊലീസിന് തമിഴ്നാട്ടുകാരായ തൊഴിലാളികളുടെ വിളിയെത്തി. മട്ടന്നൂരിൽ നിന്നു കാൽനടയായി സ്വദേശമായ സേലത്തേക്ക് പുറപ്പെട്ടതായിരുന്നു അവർ. പത്തംഗ സംഘത്തെ പിന്തുടർന്ന് ബോധവത്കരിച്ച് പാനൂർ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലെത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുങ്ങിയ ഇത്തരക്കാരുടെ താമസസ്ഥലങ്ങളിൽ ഭക്ഷണവും മറ്റു നിത്യോപയോഗ സാധനങ്ങളും പൊലീസ് എത്തിക്കുന്നുണ്ട്.
'കൊറോണ പ്രതിരോധ പ്രവർത്തകർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയിൽ പൊലീസ് സേനയെയും ഉൾപ്പെടുത്തണം. ഏറ്റവും അപായ സാധ്യതയുള്ള ജോലിയാണ് അവർ നിർവഹിക്കുന്നത്. രോഗബാധിതരാണോ എന്നുറപ്പില്ലാത്തവരുമായി ഇടപഴകേണ്ടിവരും.'
- ധനമന്ത്രി നിർമ്മലാ സീതാരാമന്
അയച്ച കത്തിൽ എ.കെ.ആന്റണി
'ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഇൻഷ്വറൻസ് പരിരക്ഷ പൊലീസുകാർക്കും വേണം. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.'
- സി.ആർ.ബിജു, ജന.സെക്രട്ടറി,
പൊലീസ് ഓഫീസേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |