
തിരുവനന്തപുരം: ആർ.എസ്.എസ് പ്രാദേശിക നേതാക്കള പ്രതിരോധത്തിലാക്കി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആനന്ദ്.കെ. തമ്പിയുടെ ഫോൺ സംഭാഷണം പുറത്ത്. അടുത്ത സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് ഇന്നലെ പുറത്തു വന്നത്. ആനന്ദ് സജീവ സംഘപരിവാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി രണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും എന്നോട് ചെയ്തത് കണ്ടോ എന്നാണ് ഫോൺ സംഭാഷണത്തിൽ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത്.
''ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു. സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. അത്രമാത്രം അപമാനിച്ചു. ഇനി അവരെ വെറുതെവിടാൻ എന്റെ മനസ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്തുതീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്കു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ് ഇതെല്ലാം സംഘടനയ്ക്കു വേണ്ടി കൊടുത്തില്ലേ. എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽവച്ച് വീട്ടിൽ പോയിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല''. എന്നാണ് ഫോൺ സംഭാഷണത്തിൽ.
ശനിയാഴ്ച ഉച്ചയ്ക്ക് സംസാരിച്ച സുഹൃത്തുക്കളോടും ആനന്ദ് ഇക്കാര്യങ്ങൾ ആവർത്തിച്ചു. അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകരിൽ ചിലർ ആനന്ദിനെ വിളിച്ചപ്പോൾ തിങ്കളാഴ്ച തൃക്കണ്ണാപുരത്ത് കൺവെൻഷൻ വിളിക്കുന്നതിനെപ്പറ്റിയും ശിവസേനയിൽ ചേർന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. പിന്നാലെയാണ് ഇവർക്കെല്ലാം ആത്മഹത്യാകുറിപ്പ് വാട്സാപ്പിൽ അയച്ച് ആനന്ദ് ആത്മഹത്യ ചെയ്തത്.
ആർ.എസ്.എസ് നേതാക്കളുടെ
മൊഴിയെടുക്കും
ആനന്ദ് ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കും. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ആനന്ദിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നോ എന്നും അന്വേഷിക്കും. ആത്മഹത്യകുറിപ്പിൽ പറയുന്ന മണ്ണു മാഫിയയിൽ നിന്നുൾപ്പെടെ എന്തെങ്കിലും ഭീഷണികൾ ആനന്ദിന് ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ഫോൺ കാളുകളുടെ വിവരങ്ങളും ശേഖരിക്കും.
സി.പി.എമ്മുമായി ചർച്ച നടത്തി
ആനന്ദ് സി.പി.എമ്മുമായി ചർച്ച നടത്തിയിരുന്നുവെന്ന് തൃക്കണ്ണാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിൻ. സി.പി.എമ്മിൽ പ്രവർത്തിക്കാൻ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറിയെയും മറ്റ് പ്രാദേശിക നേതാക്കളേയും സമീപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |