കാസർകോട്: മംഗളൂരു ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് പോകാൻ കഴിയാതെ വൃക്ക സംബന്ധമായ രോഗം ബാധിച്ച ആൾ ആംബുലൻസിൽ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാധവ (45) ആണ് മരിച്ചത്. കുമ്പള സഹകരണ ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു മാധവ. നില വഷളായതിനെതുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദേശിച്ച് രാവിലെ 11 മണിയോടെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മംഗളൂരു ആശുപത്രിയലേക്ക് കൊണ്ടുപോകാൻ ഹൊസങ്കടി ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും കടത്തിവിടാൻ കർണാടക പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടയിൽ നില വഷളായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഉദുമ പാലക്കുന്നിലെത്തിയപ്പോൾ ജില്ലാ ആശുപത്രിയിൽ ബെഡ് ഒഴിവില്ലെന്ന് അറിയിച്ചതോടെ മടങ്ങി കാസർകോട് കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനിടയിൽ മരണം സംഭവിച്ചിരുന്നു. കൂലിപ്പണിക്കാരനാണ് മാധവ. ഭാര്യ ലളിത. മക്കൾ: അനൂപ് രാജ്, അനീഷ്. മൃതദേഹം ബന്ധുക്കൾ കുഞ്ചത്തൂരിലെ വീട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |