തിരുവനന്തുപരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം ഇന്നലെ ആരംഭിച്ചു. ആദ്യ ദിനത്തിൽ 14,84,109 റേഷൻ കാർഡുടമകൾക്കായി 21,472 മെട്രിക് ടൺ അരി നൽകി.
എ. എ. വൈ, മുൻഗണന വിഭാഗക്കാർക്ക് നിലവിൽ ലഭിക്കുന്ന അരിയാണ് സൗജന്യമായി ലഭിച്ചത്. അതിൽ നീല കാർഡുകാർ കൈകാര്യ ചെലവായി കിലോഗ്രാമിന് രണ്ടു രൂപ നൽകിയിരുന്നത് ഒഴിവാക്കി. സാധാരണ കിട്ടുന്ന വിഹിതത്തിനൊപ്പം സൗജന്യമായി 15 കിലോ അരി കൂടി കിട്ടുമെന്ന ധാരണയിൽ പലരും വ്യാപാരികളുമായി തർക്കിച്ചു. കാര്യം വ്യക്തമായി ഗുണഭോക്താക്കളെ അറിയിക്കുന്നതിൽ അധികൃതർക്ക് സംഭവിച്ച പാളിച്ചയാണ് കുഴപ്പങ്ങൾക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ചില പ്രദേശങ്ങളിൽ കാർഡുടമകൾ കൂട്ടമായെത്തിയതും. ചില റേഷൻ കടകളിൽ ആവശ്യത്തിന് സ്റ്റോക്കില്ലാതിരുന്നതും പ്രശ്നങ്ങളുണ്ടാക്കി. കൂട്ടമായെത്തിയവരെ നിയന്ത്രിക്കാൻ പലയിടത്തും ആളില്ലായിരുന്നു. ചില പ്രദേശങ്ങളിൽ ഉപഭോക്താക്കൾ സമൂഹിക അകലം പാലിച്ചു നിന്നു. വൈകിട്ടായപ്പോൾ ചില റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നു. രാത്രിയോടെ, സ്റ്റോക്കെത്തിക്കാൻ ശ്രമം തുടങ്ങി.
മുൻഗണന വിഭാഗക്കാർക്ക് രാവിലെ മുതൽ ഉച്ചവരേയും മറ്റുള്ളഴർക്ക് ഉച്ചയ്ക്കു ശേഷവുമാണ് സൗജന്യ അരി വിതരണം. അടുത്ത ആഴ്ചയോടെ, റേഷൻ കാർഡില്ലാത്തവർക്ക് സൗജന്യ അരി നൽകും. അർഹതപ്പെട്ട എല്ലാവർക്കും റേഷൻ ലഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
സൗജന്യ അരി വിതരണം ഇങ്ങനെ
എ. എ. വൈ (മഞ്ഞ കാർഡ്) വിഭാഗത്തിന് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും.
മുൻഗണനാവിഭാഗത്തിൽ (പിങ്ക്) ഒരു അംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും
മുൻഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് (നീല) ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം. ഏഴിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഒരാൾക്ക് രണ്ടു കിലോ ധാന്യം വീതം.
മുൻഗണനേതര (വെള്ള) കാർഡ് ഒന്നിന് 15 കിലോ അരി
കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20ന് ശേഷം
വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാല് ലിറ്ററും മണ്ണെണ്ണ.
വെള്ള, നീല കാർഡുകാർക്ക് മൂന്നു കിലോ ആട്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |