തൃപ്പൂണിത്തുറ: ലോക്ക് ഡൗൺ കാലത്ത് സാഹിത്യകാരൻ ഇ.പി ശ്രീകുമാർ പുതിയൊരു നോവൽ രചനയിലാണ്. മറവിരോഗം (അൽഷിമേഴ്സ് ) ആണ് ഇതിവൃത്തം.
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ് നോവലിന് പ്രചോദനമെന്ന് ഇ.പി ശ്രീകുമാർ പറഞ്ഞു. വിവരശേഖരണം എളുപ്പമായിരുന്നില്ല. വിദേശത്തും സ്വദേശത്തുമുള്ള ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ചരിത്രകാരന്മാർ എന്നിവരുമായെല്ലാം കൂടിയാലോചനകൾ വേണ്ടിവന്നു. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഇവർക്കെല്ലാം ആവശ്യത്തിലേറെ സമയമുള്ളത് ഗുണവുമായി. രണ്ടു വർഷമെങ്കിലും എടുക്കുമെന്നു കരുതിയ നോവൽ രചന മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാകും. ലോക്ക് ഡൗണിനാണ് നന്ദി. ഇ.പി ശ്രീകുമാർ പറഞ്ഞു.
ചൈനയിലും ഇന്ത്യയിലും ജനസംഖ്യ പെരുകുന്നതിനൊപ്പം അൽഷിമേഴ്സ് രോഗികളും വർദ്ധിക്കുന്നു. കേരളത്തിലും സ്ഥിതി ഭിന്നമല്ല. ഈ സാഹചര്യത്തിലാണ് ഒട്ടേറേ സാമൂഹ്യ, ശാസ്ത്ര വിഷയങ്ങൾ അടിസ്ഥാനമാക്കി ശ്രദ്ധേയമായ രചനകൾ നടത്തിയ ഇ.പി ശ്രീകുമാർ പുതിയ നോവലിന് ഈ വിഷയം തന്നെ തിരഞ്ഞെടുത്തത്. മാറാമുദ്ര, മാംസപ്പോര് തുടങ്ങിയ നോവലുകൾക്കൊപ്പം ചെറുകഥാലോകത്തെ വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന പരസ്യശരീരം, കണ്ണീർ പശു, പൊന്നരിപ്പ്, വ്യാധി, കുഴിമാടം, ഖലാസി, ഗൃഹപാഠം തുടങ്ങി നിരവധി കഥകളും ഇദ്ദേഹത്തിന്റേതായുണ്ട്.
കേരള സാഹിത്യ അക്കാഡമി അവാർഡ്, ഉള്ളൂർ സാഹിത്യ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, സഹോദരൻ അയ്യപ്പൻ സാഹിത്യ പുരസ്കാരം, ടി.വി കൊച്ചുബാവ അവാർഡ്, എസ്.കെ പൊറ്റക്കാട്ട് മെമ്മോറിയൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇ. പി ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ജനറൽ മാനേജരായി റിട്ടയർ ചെയ്ത ശേഷം മുഴുവൻ സമയ സാഹിത്യരചനയിലാണിപ്പോൾ.
തൃപ്പൂണിത്തുറ കനാൽ റോഡിൽ ഹരിശ്രീയിലാണ് താമസം.
ഭാര്യ: ജയശീ. മക്കൾ: ഡോ: ഹരിപ്രസാദ്, മീരാ ശ്രീകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |