റോം: കഴിഞ്ഞ ദിവസങ്ങളിൽ മരണ നിരക്ക് കുറഞ്ഞതിൽ അല്പം ആശ്വാസത്തിലായിരുന്നു ഇറ്റലിയും ഫ്രാൻസും. എന്നാൽ വീണ്ടും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണ സംഖ്യ വീണ്ടും ഉയർന്നു. ഞായറാഴ്ച 357 മരണം രേഖപ്പെടുത്തിയ ഫ്രാൻസിൽ കഴിഞ്ഞ ദിവസം ആശുപത്രികളിൽ മാത്രമായി രേഖപ്പെടുത്തിയത് 605 മരണമാണ്. ഇതുകൂടാതെ വിവിധ നഴ്സിംഗ് ഹോമുകളിലായി മരിച്ചത് 228 പേരാണ്. ഒറ്റദിവസം കൊണ്ട് 833 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഫ്രാൻസിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് ആകെ 98,010 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 8911 പേർ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.
ഇറ്റലിയിലും കഴിഞ്ഞ ദിവസം മരണ സംഖ്യയിൽ വർദ്ധനവുണ്ടായി. 636 പേരാണ് ഇന്നലെ മരിച്ചത്. ഞായറാഴ്ചത്തെ കണക്കനുസരിച്ച് ഇറ്റലിയിൽ രേഖപ്പെടുത്തിയത് 525 മരണമാണ്. മാർച്ച് 19ന് ശേഷം ഇതാദ്യമായാണ് മരണസംഖ്യ ഇത്രയും താഴ്ന്നത്. 16,523 പേർ കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരണത്തിന് കീഴടങ്ങി. 132,547 പേരെ വൈറസ് ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്നത് ഇറ്റലിയിലാണ്.
അതേസമയം, ഇറ്റലിയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. 3,599 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം രോഗം ഭേദമായത് 1,022 പേർക്കാണ് ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 22,837 ആയി. ഇറ്റലിയിൽ മരിച്ചവരിൽ 87 പേർ ഡോക്ടർമാരും 25 നഴ്സുമാരും 6 പാരാമെഡിക്കൽ സ്റ്റാഫുകളുമാണ്.
കർഷകർക്ക് സഹായം
വിളവെടുപ്പ് കാലം അടുത്തതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഫ്രാൻസിലെ കർഷകർ. എന്നാൽ രാജ്യത്ത് കൊവിഡ് വൈറസും പിന്നാലെ ലോക്ക്ഡൗണും വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ. കർഷകരെ സഹായിക്കാനായി താത്കാലിക ജീവനക്കാരെ തേടി ഫ്രഞ്ച് സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിനെ തുടർന്ന് സന്നദ്ധതയറിയിച്ചത് 2,00,000 പേർ. 5,000 റിക്യൂട്ടർമാരെയാണ് ഫ്രഞ്ച് സർക്കാർ ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷ സമർപ്പിച്ചിട്ടുള്ളവരെ കൃഷി, ഭക്ഷ്യ - വ്യാവസായിക രംഗങ്ങൾ തുടങ്ങിയ മേഖലകളിൽ നിയോഗിക്കും. രാജ്യത്തെ അതിർത്തികൾ അടച്ചതോടു കൂടി അതിഥി തൊഴിലാളികളുടെ അഭാവം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ സാഹചര്യം മറികടക്കാൻ രാജ്യം തന്നെ ഒരു കർഷക സേന രൂപീകരിച്ച് പ്രതിസന്ധി തരണം ചെയ്യുമെന്ന് കൃഷി മന്ത്രി ഡിഡൈർ ഗ്വിലോം അറിയിച്ചു.
പാരീസിൽ വ്യായാമത്തിന് നിയന്ത്രണം
ലോക്ക്ഡൗൺ കാലത്ത് പുറത്ത് വ്യായാമം ചെയ്യുന്നതിൽ വിലക്കുമായി പാരീസ്. നാളെ മുതൽ രാവിലെ 10 മുതൽ വൈകിട്ട് 7വരെ വ്യായാമത്തിനായി ആരും വീടിന് പുറത്തിറങ്ങാൻ പാടില്ലെന്ന് പാരീസ് മേയർ അറിയിച്ചു. ഉപാധികളോടെ വ്യായാമത്തിനായി വീടിനു പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
നിലവിൽ വീടിന് ഒരു കിലോമീർ ചുളവിൽ ഒറ്റയ്ക്ക് ഒരു മണിക്കൂർ വരെ മാത്രമായിരുന്നു വ്യായാമത്തിന് അനുമതി. അതേ സമയം, ഫുട്ബോൾ, സൈക്ലിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ഫ്രാൻസിൽ പാരീസ് മാത്രമല്ല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസിന്റെ പല ഭാഗങ്ങളിലും രാത്രി സമയങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രധാന നഗരങ്ങളിലെല്ലാം ഫേസ് മാസ്‌ക് കർശനമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |