SignIn
Kerala Kaumudi Online
Monday, 07 July 2025 6.32 PM IST

നന്ദി, ഒരായിരം നന്ദി, എന്നെ ഒട്ടും പരിചയമില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രൻ ഈസിയായി എന്നെ ശത കോടീശ്വരനാക്കി

Increase Font Size Decrease Font Size Print Page
murali-thummarukudy

താൻ അറിയാതെ തന്നെ 'ശതകോടീശ്വരനാക്കി' മാറ്റിയതിന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നന്ദി അറിയിച്ച് മുരളി തുമ്മാരുകുടി രംഗത്ത്.

'മുഖ്യമന്ത്രി ലോക കേരള സഭ അംഗങ്ങളുമായി ഞായറാഴ്ച വൈകീട്ട് ഒരു വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. അതിനെ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ 'പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചർച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയി' എന്ന് പറഞ്ഞു. ഇതിന് മറുപടിയായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ ഉണ്ടായ ശതകോടീശ്വരന്മാരുടെ പേര് പറഞ്ഞു. (ശ്രീ യൂസഫ് അലി, ശ്രീ രവി പിള്ള, ശ്രീ ആസാദ് മൂപ്പൻ). അത് ഓക്കേ. പക്ഷെ അത് കഴിഞ്ഞിട്ടാണ് ശതകോടീശ്വരൻ അല്ലാത്തവരുടെ ലിസ്റ്റ്, അതിൽ ഒന്നാമത് ദാ കിടക്കുന്നു, മുരളി തുമ്മാരുകുടി. എന്നെ ഒട്ടും പരിചയമില്ലാത്ത ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഈസിയായി എന്നെ ശത കോടീശ്വരനാക്കി (നന്ദി, ഒരായിരം നന്ദി). എന്നെ നല്ല പരിചയമുള്ള മുഖ്യമന്ത്രി എന്നെ ആ ലിസ്റ്റിൽ നിന്നും പുറത്താക്കി'- തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

വേദനിക്കുന്ന (ശത)കോടീശ്വരൻ...

കേരളത്തിൽ ഒരു എം എൽ എ ആവാനാണ് ഞാൻ ഇക്കണ്ട കളിയൊക്കെ കളിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ട്, ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്, ഒരിക്കൽ ഓൺലൈൻ പത്രത്തിലും വന്നിട്ടുണ്ട്.

ഐഡിയ എനിക്കുമുണ്ട്, പക്ഷെ പ്രധാന പത്രങ്ങളൊന്നും എന്നെ സീരിയസായി എടുക്കുന്നില്ല. ഒരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ മണ്ഡലത്തിലേക്കും ഇന്നയാളെ ഇന്ന പാർട്ടി പരിഗണിക്കുന്നു എന്നൊക്കെ വാർത്തകൾ വരാറില്ലേ? 2014 ലെ തിരഞ്ഞെടുപ്പിന്റെ കാലം തൊട്ട് കേരളത്തിൽ എന്നെ അത്യാവശ്യം ആളുകൾ അറിയും. അന്നാരും എന്നെ പരിഗണിക്കണമെന്ന് പറഞ്ഞില്ല. പോട്ടെ, കുറച്ചു സീറ്റുകളല്ലേ ഉള്ളൂ എന്ന് വിചാരിക്കാം. 2016 ലെ അസംബ്ലി തിരഞ്ഞെടുപ്പ് വന്നു. മൊത്തം 420 സീറ്റുണ്ട് (നൂറ്റി നാല്പത് സീറ്റ് വെച്ച് മൂന്നു മുന്നണികൾക്കും കൂടി). അതിൽ ഏതെങ്കിലും പാർട്ടിയുടെ ഏതെങ്കിലും ഒരു സീറ്റിൽ സാധ്യതാ ലിസ്റ്റിൽ പോലും കയറാനുള്ള യോഗ്യത എനിക്കില്ലേ?

കേരളത്തിലെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പത്രങ്ങളിൽ എനിക്ക് നല്ല ബന്ധങ്ങളുണ്ട്. ഇടക്ക് അവിടെ പോകാറുമുണ്ട്. ജന്മഭൂമിയുടെ എഡിറ്ററായിരുന്നത് എന്റെ അമ്മായിയാണ്. ഇടക്ക് അമ്മായിയേയും കാണാറുണ്ട്. എന്റെ പേര് എങ്ങനെയെങ്കിലും സാധ്യതാ ലിസ്റ്റിൽ പെടുത്തണം എന്ന് ഞാൻ പറയാറുണ്ടായിട്ടും അവരൊന്നും എന്നെ സീരിയസായി എടുത്തില്ല.
നോക്കൂ എനിക്കെന്താണ് ഒരു അയോഗ്യത?

അമ്മാവൻ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. സ്‌കൂളിൽ പഠിക്കുന്പോൾ എസ് എഫ് ഐക്ക് വോട്ടു ചെയ്തിട്ടുണ്ട്. എത്രയോ തവണ ഇടത് സഹയാത്രികനാണെന്ന് തോന്നുന്ന തരത്തിലുള്ള ലേഖനങ്ങൾ എഴുതിയിരിക്കുന്നു! ഇടതുപക്ഷത്തിന് എന്നെ സ്ഥാനാർത്ഥിയാക്കാൻ ഇതൊക്കെ പോരേ?

പക്ഷെ എനിക്കങ്ങനെ നിർബന്ധമൊന്നുമില്ല. കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ വന്നാലും മതി. ഞാൻ സാത്വികനാണ്, അഹിംസാവാദിയാണ്, എൻജിനീയറിങ് കോളേജിൽ അടി വന്നപ്പോൾ പോലും ഓടിയിട്ടേ ഉള്ളൂ, തിരിച്ചടിച്ചിട്ടില്ല.

ഇത് രണ്ടും വേണ്ട, ബി ജെ പി സ്ഥാനാർഥിയായും പരിഗണിക്കാമല്ലോ. ജനീവ നായരാണ്, കുന്പയുണ്ട്, സംഘിയാണെന്ന് പറഞ്ഞു സുഡാപ്പികളും കമ്മികളും മൊത്തമായി പൊങ്കാലയിട്ട ചരിത്രവുമുണ്ട്. ഇത്രയും പാരന്പര്യമൊക്കെ പോരെ, സ്ഥാനാർത്ഥിയായി പരിഗണിച്ചുവെന്ന് പറഞ്ഞുണ്ടാക്കാൻ?
ഇതൊക്കെ ഞാൻ എന്റെ സുഹൃത്തുക്കളായ പത്രപ്രവർത്തകരോടും പറഞ്ഞു നോക്കിയിട്ടുണ്ട്. അവർക്ക് ഒരു ചേതമുള്ള കാര്യമല്ല. എത്രയോ ആളുകളുടെ പേര് ഓരോ തിരഞ്ഞെടുപ്പ് കാലത്തും അവരെടുത്ത് വീശുന്നു. വല്ലതും സത്യമാവുന്നുണ്ടോ? പക്ഷെ എന്റെ പേരൊന്നു എഴുതാൻ പറയുന്പോൾ അവർക്ക് ഗമ !!

ഇതാണെന്റെ ഒന്നാമത്തെ ദുഃഖം.

എന്നെ അറിയില്ലാത്തവർ എന്റെ സ്ഥാനമോഹം ശരിയായി മനസ്സിലാക്കിയിരിക്കുന്നു.
എന്നെ അറിയുന്നവർ ആകട്ടെ, ഞാനീ സ്ഥാനത്തിനൊക്കെ അപ്പുറത്തിരിക്കുന്ന എന്തോ സംഭവമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.

ഇനി രണ്ടാമത്തെ ദുഃഖം പറയാം.

ഇന്നലെ വൈകിട്ട് ഓഫീസ് ജോലികളിൽ അല്പം തിരക്കുണ്ടായതിനാൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവിൽ കണ്ടില്ല.

പക്ഷെ ഫേസ്ബുക്ക് പോസ്റ്റിൽ പലരും വന്ന് കമന്റ്റ് ചെയ്തു. അതിനിടയിൽ ശത കോടീശ്വരന്റെ കണക്കു പറയാൻ തുടങ്ങി. എനിക്കൊരു കുന്തവും മനസ്സിലായില്ല.
പിന്നെ സമയം കിട്ടിയപ്പോൾ പോയി പത്രസമ്മേളനം മുഴുവൻ കണ്ടു.

മുഖ്യമന്ത്രി ലോക കേരള സഭ അംഗങ്ങളുമായി ഞായറാഴ്ച വൈകീട്ട് ഒരു വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. അതിനെ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ "പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയി" എന്ന് പറഞ്ഞു (ന്യൂസ് 24 റിപ്പോർട്ട്)".

ഇതിന് മറുപടിയായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ ഉണ്ടായ ശതകോടീശ്വരന്മാരുടെ പേര് പറഞ്ഞു (ശ്രീ യൂസഫ് അലി, ശ്രീ രവി പിള്ള, ശ്രീ ആസാദ് മൂപ്പൻ). അത് ഓക്കേ. പക്ഷെ അത് കഴിഞ്ഞിട്ടാണ് വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയി പറഞ്ഞതു പോലെ ഹൃദയത്തിനിട്ടുള്ള അടി വന്നത്.

ശതകോടീശ്വരൻ അല്ലാത്തവരുടെ ലിസ്റ്റ്, അതിൽ ഒന്നാമത് ദാ കിടക്കുന്നു, മുരളി തുമ്മാരുകുടി.

എന്നെ ഒട്ടും പരിചയമില്ലാത്ത ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഈസിയായി എന്നെ ശത കോടീശ്വരനാക്കി (നന്ദി, ഒരായിരം നന്ദി). എന്നെ നല്ല പരിചയമുള്ള മുഖ്യമന്ത്രി എന്നെ ആ ലിസ്റ്റിൽ നിന്നും പുറത്താക്കി.

എന്നെ !!
രണ്ടു സ്വിസ് ബാങ്കിൽ ആയി അഞ്ച് അക്കൗണ്ടുകൾ ഉള്ള ഈ എന്നെ !

എന്നിട്ടിപ്പോൾ ജനീവയിൽ ഉൾപ്പെടെ ഉള്ളവർക്ക് എന്നെ അപമാനിച്ചു പോസ്റ്റിട്ട് രസിക്കാൻ അവസരം കൊടുത്തു. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തല പൊക്കുമെന്നാണല്ലോ ചൊല്ല്. ലോക്ക് ഔട്ട് കഴിയട്ടെ ദീപക്, നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പറഞ്ഞതിലും കാര്യമുണ്ട്. ഞാൻ സത്യത്തിൽ ഇതുവരെ ശത കോടീശ്വരനായിട്ടില്ല. ഇടക്കൊക്കെ ഇന്തോനേഷ്യയിൽ പോയി കോടീശ്വരൻ ആകാറുണ്ട്. അവിടെ ശതം സമർപ്പിയാമി ഇല്ലാത്തതിനാൽ അധികം കാശുമായി അങ്ങോട്ട് പോകാറില്ല.
****************
ഇനി ഞാൻ ശരിക്കും ഒരു ശത കോടീശ്വരനെ പരിചയപ്പെട്ട കഥ പറയാം.

കഥ നടക്കുന്നത് 2008 ഒക്ടോബറിൽ ആണെന്നാണ് എന്റെ ഓർമ്മ. ഞാൻ ബീജിങ്ങിൽ ചൈനയിലെ ഭൂകന്പവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജോലിയുമായി എത്തിയതാണ്.
ഞങ്ങളുടെ എക്സിക്ക്യൂട്ടിവ്‌ ഡയറക്ടറും (ഇ ഡി) സ്ഥലത്തുണ്ട്. ചൈനയിലെ മന്ത്രിമാരുമായും മറ്റും എന്തോ പ്രധാന മീറ്റിംഗിന് വന്നതാണ് അദ്ദേഹം. ബീജിങ്ങിലെ ഷാങ്‌റില ഹോട്ടലിൽ ആണ് താമസം.

ഒരു ദിവസം ഉച്ചക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റ് എനിക്ക് സന്ദേശം അയച്ചു. ഇന്ന് ഉച്ചക്ക് ലഞ്ചിന് അദ്ദേഹത്തിനോടൊപ്പം കൂടണം.

പന്ത്രണ്ട് മണിക്ക് തന്നെ ഞാൻ റെസ്റ്ററന്റിൽ എത്തി.
അവിടെ ഞങ്ങളുടെ ഇ ഡി യും കമ്മ്യൂണിക്കേഷൻ ഡയറക്ടറും ചൈന ഓഫിസിന്റെ ചീഫും ഉണ്ട്. പിന്നെ ഒരു ചൈനക്കാരനും.
"ഇദ്ദേഹം ഒരു പരിസ്ഥിതി വാദിയാണ്, പരിസ്ഥിതി സംഘടനകളുടെ സുഹൃത്തും." ഞങ്ങളുടെ ചൈനീസ് ഓഫീസ് ചീഫ് അതിഥിയെ പരിചയപ്പെടുത്തി. ‘ഷാങ് യു’ എന്നാണ് പേര്.
പരിചയപ്പെടുത്താൻ വിട്ടുപോയ കാര്യങ്ങളുണ്ട്. ചൈനയിലെ പുതിയ തലമുറ ശതകോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം. 1960 ലാണ് ജനിച്ചത്, ചൈനയിൽ സാംസ്കാരിക വിപ്ലവം നടക്കുന്ന കാലമായതിനാൽ ഒന്പതാം വയസ്സുവരെ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. പിന്നെ പഠിച്ച് ഒരു ആർട് അധ്യാപകനായി. 1988 ൽ മൂവായിരം ഡോളർ നിക്ഷേപവുമായി ഒരു എയർ കണ്ടീഷണർ ഫാക്ടറി തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി പതിനായിരം കോടി രൂപക്ക് മുകളിലാണ് !!.

"ചൈനയിൽ ഭൂകന്പമുണ്ടായ സ്ഥലത്ത് ഞാൻ പോയിരുന്നു" ഷാങ് യു പറഞ്ഞു തുടങ്ങി "വലിയ കഷ്ടമാണ് അവരുടെ കാര്യം. വീടൊക്കെ നഷ്ടപ്പെട്ടു, ആദ്യം അവർക്ക് കാൻവാസ്‌ ടെന്റിൽ കഴിയേണ്ടി വന്നു, പിന്നീട് താൽക്കാലിക ക്യാന്പിലും. പുതിയ വീടുണ്ടാക്കാൻ മൂന്നോ നാലോ വർഷമെടുക്കും, ആ കാലം അവരുടെ ജീവിതം ‘താൽക്കാലികം’ ആയിരിക്കും.
"ശരിയാണ്." ഞങ്ങളുടെ ഇ ഡി പറഞ്ഞു.
"എനിക്കൊരു ഐഡിയ ഉണ്ട്. ഒരാഴ്ച കൊണ്ട് നമുക്ക് അവർക്ക് നല്ലൊരു വീടുണ്ടാക്കി കൊടുക്കണം, അതോടെ അവരുടെ ജീവിതം സാധാരണ ഗതിയിൽ എത്തുമല്ലോ?"
"ഇന്റെറസ്റ്റിംഗ് ആയ ആശയമാണ്" എന്ന് എന്റെ ഇ ഡി.
(പാശ്ചാത്യരുമായി സംസാരിക്കുന്പോൾ ‘interesting’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭക്ഷണം മോശമാണെന്നൊക്കെ നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളപ്പോൾ അവർ ഈ interesting പ്രയോഗിക്കും. നമ്മൾ അത് കേട്ട് പൊങ്ങരുത്, പോങ്ങൻ ആകും).

"എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് ഞാൻ.
"ഈ മുരളി സിവിൽ എൻജിനീയർ ആണ്, നിങ്ങളുടെ പ്രോജക്റ്റ് ഇയാളോട് പറയൂ, കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ടീമുമായി അദ്ദേഹം സംസാരിക്കും." എന്ന് പറഞ്ഞു ഇ ഡി സംസാരം മറ്റു വഴിക്കു കൊണ്ടുപോയി,
ഇ ഡി നൈറോബിക്കും ഞാൻ ജനീവക്കും പോന്നു.

ആറു മാസം കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ കോൾ വന്നു. ചൈനയിലെ ഓഫിസിലെ ചീഫ് ആണ്.
മിസ്റ്റർ ഷാങ് യു താങ്കളെ ആ കെട്ടിടത്തിന്റെ നിർമ്മാണം കാണാൻ ക്ഷണിച്ചിട്ടുണ്ട്.
ഞാൻ കാര്യം സിവിൽ എൻജിനീയർ ആണെങ്കിലും സിവിലോ എഞ്ചിനീയറോ ആയ എന്തെങ്കിലും ചെയ്തിട്ട് പതിറ്റാണ്ടുകളായി. അതുകൊണ്ട് ഞാൻ അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (ബെർക്കലി) കാന്പസിലെ ലോക പ്രശസ്തയായ പ്രൊഫസർ മേരി കൊമെറിയോവിനെ കൂട്ട് പിടിച്ചു.
ചാങ് ഷാ എന്ന പ്രദേശത്താണ് ബ്രോഡ് എയർ കണ്ടീഷനിങ്ങെന്ന അദ്ദേഹത്തിന്റെ സ്ഥാപനം. ആ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തെപ്പറ്റിയും എയർ കണ്ടീഷനിംഗ് സ്ഥാപനം നടത്തുന്ന ഒരാൾ എങ്ങനെയാണ് പരിസ്ഥിതി പ്രേമി ആയത് എന്നതിനെപ്പറ്റിയുമൊക്കെ ഏറെ പറയാനുണ്ട്, അത് പിന്നീടൊരിക്കൽ പറയാം.

ഞങ്ങൾ ചെല്ലുന്പോൾ പുതിയ കെട്ടിടത്തിന് ഡിസൈൻ ഒന്നുമില്ല, ആംഗിൾ അയേൺ ഉപയോഗിച്ച് ഒരു ചെറിയ തട്ടിക്കൂട്ട് പരിപാടിയാണ്. കാര്യങ്ങൾ വിശദീകരിക്കാൻ ഷാങ് യു നേരിട്ടെത്തി.

ബ്രോഡ്, അടിസ്ഥാനപരമായി ഒരു സിവിൽ എൻജിനീയറിങ് കന്പനിയൊന്നുമല്ല, അതിന്റെ പോരായ്മകളുമുണ്ട്. പക്ഷെ ഏറ്റവും വേഗത്തിൽ നിർമ്മാണം നടത്താനുള്ള അവരുടെ ചില അടിസ്ഥാന തത്വങ്ങൾ ശരിയാണ് താനും.

മേരിയും ബ്രോഡിലെ എഞ്ചിനീയർമാരുമായി രണ്ടോ മൂന്നോ ദിവസം ചർച്ചകൾ നടന്നു.
ആറു മാസം കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും ചൈനയിലെ ചീഫിന്റെ വിളി വന്നു.
“മിസ്റ്റർ ഷാങ്ങ് യു താങ്കളെ പുതിയ കെട്ടിടം കാണാൻ ക്ഷണിച്ചിരിക്കുന്നു.” ഞങ്ങൾ വീണ്ടും ചാങ്ങ് ഷയിൽ എത്തി.
ഒരു ആറു നിലക്കെട്ടിടത്തിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയത്. ഒരു വൺ ബെഡ് റൂം കിച്ചൻ അപ്പാർട്ട്മെന്റ് പോലെ ഒന്ന്. എല്ലാ സൗകര്യങ്ങളുമുണ്ട്, പുതിയതാണെന്നും മനസ്സിലായി.
പിറ്റേന്ന് രാവിലെ ഷാങ്ങ് യു വന്നു.
"നിങ്ങൾ താമസിച്ച ഈ കെട്ടിടം ഞങ്ങൾ ഒരാഴ്ചകൊണ്ടാണ് ഉണ്ടാക്കിയത് !!"
ഞങ്ങളുടെ കണ്ണ് തള്ളി. "ഒള്ളതൊക്കെ തന്നെ ?"
"ഇപ്പോൾ മുതൽ അടുത്ത കെട്ടിടത്തിന്റെ പണി തുടങ്ങാൻ പോവുകയാണ്, അതിനാണ് നിങ്ങളെ ക്ഷണിച്ചത്."

ഞങ്ങൾ നോക്കി നിൽക്കെ ഞങ്ങളുടെ ഫ്ളാറ്റിന് തൊട്ടു മുന്നിൽ ആറു നിലക്കെട്ടിടത്തിന്റെ പണി നടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടിനകത്ത് കട്ടിലും കിടക്കയും വാഷിങ് മെഷീനുമായി ഞങ്ങൾ താമസിച്ചിരുന്നത് പോലെ തന്നെ ഒരു കെട്ടിടം.

കഥ തീരുന്നില്ല.

2010 ലെ ഷാങ് ഹായ് എക്സിബിഷന് മുൻപ് എനിക്ക് വീണ്ടും ചൈനയിൽ നിന്നും കോൾ വന്നു. നിങ്ങളെയും പ്രൊഫസർ കൊമേരിയോവിനെയും മിസ്റ്റർ യു എക്സിബിഷന് ക്ഷണിച്ചിട്ടുണ്ട്.
ഞങ്ങൾ വീണ്ടും അവിടെയെത്തി.

ഷാങ്ങ് ഹായ് എക്സ്പോയുടെ മുഴുവൻ എയർ കണ്ടീഷനിംഗ് ചെയ്തത് ബ്രോഡ് എയർ ആണ്. പോരാത്തതിന് ഭൂകന്പം എങ്ങനെയാണ് എന്നറിയാനുള്ള ഒരു സിമുലേറ്റർ ഉണ്ട്. മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ അതിൽ കയറാൻ പറ്റുമായിരുന്നുള്ളൂ, അത്ര പോപ്പുലർ ആയിരുന്നു ആ ഐറ്റം. പക്ഷെ ശരിക്കും ഷാങ് യു ഞങ്ങളെ കാണിക്കാൻ വച്ചിരുന്നത് മറ്റൊന്നാണ്,
പല നിലകളിൽ ഇരുപതിനായിരം ചതുരശ്രമീറ്ററിലുള്ള ബ്രോഡ് എയറിന്റെ പവലിയൻ അദ്ദേഹം നിർമ്മിച്ചത് 24 മണിക്കൂർ കൊണ്ടാണ്.

ഒറ്റ രാത്രി കൊണ്ട് ചേരി ഒഴിപ്പിച്ച കഥയൊക്കെ ജഗന്നാഥൻ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷെ ആകാശത്തിന് മുൻപും പിൻപും ആരെയും കൂസാത്ത അദ്ദേഹം പോലും പറഞ്ഞ ഒരു കാര്യമുണ്ട്, ‘പൊളിക്കാനാണ് എളുപ്പം, നിർമ്മിക്കുക എളുപ്പമല്ല’ എന്ന്. ഒറ്റ രാത്രികൊണ്ട് കോവിലകം ഉണ്ടാക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ജഗന്നാഥൻ രായ്‌ക്കുരാമാനം കണിമംഗലം വിട്ടേനെ.
ഷാങ്ങ് യു വിന്റെ കെട്ടിട നിർമ്മാണ കഥകൾ ഇവിടെ തീരുന്നില്ല. പക്ഷെ കൈയിൽ പണവും, കൃത്യമായ ആശയവും, ലക്ഷ്യബോധവും ഉണ്ടെങ്കിൽ എന്ത് ചെയ്യാമെന്ന് ഷാങ്ങ് യു എന്നെ കാണിച്ചു തന്നു.

ഈ പറഞ്ഞ മൂന്നു കാര്യത്തിൽ (പണം, ആശയം, അർപ്പണ ബോധം) രണ്ടെണ്ണം എന്റെ അടുത്തുണ്ട്. ഇല്ലാത്തത് ശതകോടിയാണോ അല്ലയോ എന്ന കാര്യത്തിൽ കേരളത്തിൽ ഇപ്പോഴും വിവാദം നടക്കുന്നു.

അതിനൊരു തീരുമാനമായിക്കഴിഞ്ഞാൽ പിന്നെ നമുക്ക് കണിമംഗലത്തെ ഉത്സവം നടത്താം...

മുരളി തുമ്മാരുകുടി.

TAGS: MURALEE THUMMARUKUDY, PINARAYI VIJAYAN, MULLAPPALLY RAMACHANDRAN, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.