വാഷിംഗ്‌ടൺ ഡി.സി: കൊവിഡ് -19നെ കീഴടക്കാനുള്ള ലോകരാജ്യങ്ങളുടെ വിശ്രമമില്ലാത്ത പോരാട്ടം തുടരുന്നു. മരണസംഖ്യ 82,933ൽ എത്തി. 14,41,589 പേർ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ വീണ്ടും വർദ്ധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സ്പെയിനിലെ മരണനിരക്കിലും നേരിയ വർദ്ധനയുണ്ടായിട്ടുണ്ട്. 704 ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ മരണം 12857 ആയി ഉയർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം അതിന്റെ പാരമ്യത്തിൽ എത്തിയെന്നും ഇനി രോഗബാധിതർ കുറയാനാണ് സാദ്ധ്യതയെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ മരണസംഖ്യ കണക്കാക്കുമ്പോൾ രാജ്യം നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കയാണെന്നും അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഈ സംസ്ഥാനങ്ങളിലെ ഗവർണർമാർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ മരണസംഖ്യ ലക്ഷത്തിൽ താഴെയായിരിക്കുമെന്നാണ് വൈറ്റ് ഹൗസ് ടാസ്ക്ഫോഴ്സിന്റെ പുതിയ പ്രവചനം. 2 ലക്ഷത്തിനടുത്തെത്തുമെന്നായിരുന്നു പഴയ പ്രവചനം.
നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. നെതർലാൻഡ്സിൽ 2101 പേരും ബെൽജിയത്തിൽ 2240 പേരും മരിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനുമായി കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തി.
റഷ്യ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിൽ പുതിയ കേസുകളിൽ റെക്കാഡ് വർദ്ധന.
ബ്രിട്ടനിൽ ഒറ്റ ദിവസം കൊണ്ട് 786 പേർ മരിച്ചു.
ഫിലിപ്പൈൻസിൽ ലോക്ക്ഡൗൺ 30 വരെ നീട്ടി. രാജ്യത്ത് പട്ടിണി മൂർദ്ധന്യത്തിലെന്ന് റിപ്പോർട്ട്. ഇരുപതോളം ഡോക്ടർമാർ മരിച്ചു.
കൊളംബിയയിൽ ക്വാറന്റൈൻ രണ്ടാഴ്ചത്തേക്ക് നീട്ടി.
നൈജീരിയയിൽ ലോക്ക്ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയതിന് പ്രശസ്ത ഹോളിവുഡ് നടി ഫങ്കെ അക്കിൻഡേലിനെ അറസ്റ്റ് ചെയ്തു.
ടോക്കിയോ സർവകലാശാലയിൽ ബിരുദം ഏറ്റുവാങ്ങാൻ പേരുവിളിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് പകരം എത്തിയത് റോബോട്ടുകൾ. റോബോട്ടുകളെ വീട്ടിലിരുന്ന് വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ചു.
നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
കൊവിഡ് പടരുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മാർച്ച് 30ന് ആറ് ഗൾഫ് നാടുകളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം 3,717 ആയിരുന്നു. മരണസംഖ്യ പതിനെട്ടും. ഒരാഴ്ച പിന്നിടുമ്പോഴേക്കും അത് എണ്ണായിരത്തോടടുക്കുന്നു. മരിച്ചവരുടെ എണ്ണം 55 പിന്നിട്ടു. ഇപ്പോഴും കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് രോഗബാധിതർ ഏറെയെന്ന് യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പറയുന്നു. ഇത് പ്രവാസികൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
ഒമാനിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 599 പേർക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഈദ് മാപ്പുനൽകി. ഇതിൽ വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന 336 വിദേശികളും ഉൾപ്പെടും.
സൗദിയിൽ നിന്നു നാട്ടിലേക്ക് പോകാൻ റീ എൻട്രി അടിച്ചവരുടെ വിസകൾ മൂന്ന് മാസത്തേക്ക് നീട്ടി നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദിയിൽ നിന്നു നാട്ടിലേക്ക് പോയി വരാനുള്ള താത്കാലിക വിസകളാണിവ.
കൊവിഡ് പ്രതിരോധത്തിനായി ദുബായിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി. രാവിലെ 8 മുതൽ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം.
മരുന്ന് വീട്ടിലെത്തിക്കുന്ന സേവനത്തിന് യു.എ.ഇയിൽ തുടക്കം. ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുമതിക്ക് ഹോട്ട് ലൈൻ നമ്പർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |