ശ്രീനഗർ: രാജ്യത്തെ കൊവിഡ് ഭീഷണിയിൽ നിന്നും സംരക്ഷിക്കാനായി ഇന്ത്യൻ സൈന്യം പ്രവർത്തിക്കുമ്പോൾ, അവസരം മുതലാക്കി പാകിസ്ഥാൻ ഭീകരർ. ഈ ദുർഘടാവസ്ഥയിലും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറെടുക്കുകയാണ് 230 ഭീകരർ എന്നാണ് ലഭിക്കുന്ന വിവരം. 'ഹിന്ദുസ്ഥാൻ ടൈംസ്' പത്രത്തിന്റെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീർ, ജമ്മു അതിർത്തികൾ വഴി 230 ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാനാണ് പാകിസ്ഥാൻ ഭീകര സംഘടനകൾ പദ്ധതിയിടുന്നതെന്നാണ് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്.
ജമ്മു കാശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. അടുത്ത ഏതാനും ആഴ്ചകൾക്കും മാസങ്ങൾക്കും ഉള്ളിലാണ് പാക് ഭീകര സംഘടനകൾ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നത്. ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇന്ത്യൻ സുരക്ഷാ സേനകൾ വ്യാപൃതരായിരിക്കുന്ന അവസരത്തിലാണ് പാക് ഭീകരർ ഇന്ത്യയിലേക്കുള്ള നുഴഞ്ഞ് കയറ്റത്തിനായി തയ്യാറെടുക്കുന്നതെന്നും ശ്രദ്ധേയമാണ്.
ലഷ്കർ ഇ തയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്‌ബുൾ മുജാഹിദീൻ എന്നീ പാക് സംഘടനകളിൽ പെട്ട ഭീകരർ കാശ്മീർ ഭാഗത്തെ നിയന്ത്രണ രേഖകൾ വഴിയാണ് ഇന്ത്യയിലേക്ക് കടക്കാനായി ലക്ഷ്യമിടുന്നത്. അതേസമയം ജമ്മു പ്രവിശ്യയിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും ആയുധങ്ങൾ കൈവശമുള്ള, പരിശീലനം ലഭിച്ച 70 പാക് ഭീകരരും ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണെനുള്ള വിവരവുമുണ്ട്. ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |